ഷൊർണൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsഷൊർണൂർ: ഷൊർണൂർ കേരളീയ ആയുർവേദ സമാജം ആശുപത്രിയിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി സ്വകാര്യ ട്രസ്റ്റിന് കൈമാറി ഭരണ സമിതിയിലെ ഒരുവിഭാഗം കോടികൾ കൈക്കലാക്കാനുള്ള നീക്കത്തിനെതിരെയാണ് സമരമെന്ന് ഉദ്ഘാടകൻ കെ.പി.സി.സി നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ പറഞ്ഞു.
ഷൊർണൂരിനും ആയുർവേദ ലോകത്തിനും ഏറെ അഭിമാനമായ ആശുപത്രി വിൽക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എ സമാജം ഡയറക്ടറും നഗരസഭ സ്ഥിരംസമിതി ചെയർമാനുമായ കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ. ഹമീദ്, ഷൊർണൂർ വിജയൻ, ടി.വൈ. ഷിഹാബുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിജയ്പ്രകാശ് ശങ്കർ, നഗരസഭാംഗങ്ങളായ ടി.കെ. ബഷീർ, ടി. സീന, സി. സന്ധ്യ, ശ്രീകല രാജൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.