മലിനജലം റോഡിലേക്ക്; കാൽനടക്കാർക്ക് ദുരിതം
text_fieldsപുതുനഗരം: വീടുകളില്‍നിന്ന് മാലിനജലം റോഡിലേക്ക് ഒഴുക്കുന്നത് വ്യാപകം. കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂര്‍ പഞ്ചായത്തുകളിലാണ് വീടുകളില്‍നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നത്. മംഗലം-ഗോവിന്ദാപുരം, പാലക്കാട്-മീനാക്ഷിപുരം എന്നീ അന്തര്‍സംസ്ഥാന റോഡുകളിലും മൂന്ന് പഞ്ചായത്തിലെയും റോഡുകളിലും മാലിന്യം കലർന്ന വെള്ളം റോഡിലേക്ക് ഒഴുക്കുന്നുണ്ട്.
രാത്രിയുടെ മറവിലാണ് പലപ്പോഴും നാറുന്ന വെള്ളമടക്കം പാതകളില്‍ ഒഴുക്കുന്നത്. കൊടുവായൂരിൽ ഓടകളിൽ മലിന്യം തള്ളുന്നുമുണ്ട്. നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. വീടുകൾക്കു പുറമെ ചില ഹോട്ടലുകളും ചെറുകിട വ്യവസായ കേന്ദ്രങ്ങളും മാലിന ജലം ഓടകളിലും റോഡുകളിലും ഒഴുക്കുമ്പോൾ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണ്.
മലിനജലം കുഴിയെടുത്ത് സംസ്കരിക്കണമെന്ന നിര്‍ദേശം പാലിക്കുന്നവർ കുറവാണ്. കഴിഞ്ഞദിവസം കൊല്ലങ്കോട് പൊള്ളാച്ചി റോഡിലേക്ക് വീടുകളിൽനിന്നും സ്വകാര്യബസ് ഡിപ്പോയിൽനിന്നും മലിനജലം ഒഴുക്കിയത് യാത്രക്കാരെ ഏറെ വലച്ചു. പുതുനഗരത്ത് പഞ്ചായത്ത് റോഡിൽ ഉൾപ്പെടെ മലിനജലം പകൽ സമയത്ത് പോലും ഒഴുക്കാറുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാർക്ക് ഇത് ദുരിതമായി. റോഡിലെ മാലിന്യമൊഴുക്കൽ വ്യാപാരസ്ഥാപനങ്ങൾക്കും ശല്യമാണ്. മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

