ഒന്നര വർഷം, വൈദ്യുതിക്കെണിയിൽപെട്ട് മരണം ഏഴ്
text_fieldsപാടത്തേക്ക് വൈദ്യുതി വലിക്കാൻ ഉപയോഗിച്ച വയർ പ്രതി
ആനന്ദ് കുമാർ പൊലീസിന് കാണിച്ചുകൊടുക്കുന്നു
പാലക്കാട്: ഒന്നര വർഷത്തിനിടെ ജില്ലയിൽ വൈദ്യുതിക്കെണിയിൽപെട്ട് മരിച്ചത് ഏഴുപേർ. വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതിക്കമ്പികളിൽ തട്ടിയാണ് ജീവൻ പൊലിയുന്നത്. വൈദ്യുതി പോസ്റ്റുകളിൽനിന്നും മറ്റും അപകടകരമായ നിലയിൽ കമ്പി സ്ഥാപിച്ച് വൈദ്യുതി ചോർത്തിയാണ് കൃഷിയിടങ്ങളിൽ കെണി സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി അനുമതി നൽകുന്നില്ലെങ്കിലും വന്യമൃഗശല്യം തടയാൻ സ്വകാര്യ തോട്ടങ്ങളിൽ വൈദ്യുതി വേലി സ്ഥാപിച്ചുവരുന്നുണ്ട്. എന്നാൽ, നിബന്ധനകൾ പാലിച്ചുവേണം ഇതു ചെയ്യാനെന്ന് അധികൃതർ പറയുന്നു.
വൈദ്യുതിവേലിയിൽ മുന്നറിയിപ്പ് ബോർഡും ബൾബും സ്ഥാപിക്കണം. ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തിവിടാൻ പാടില്ല. 12 വോൾട്ടിന്റെ ഡി.സി ബാറ്ററിയേ ഉപയോഗിക്കാവൂ. പൾസ് അടിസ്ഥാനത്തിലേ (ഒരു സെക്കൻഡ് വൈദ്യുതി കടത്തിവിടുകയും അടുത്ത ഒരു സെക്കൻഡ് വൈദ്യുതി ഡിസ്ചാർജ് ചെയ്യുകയും ചെയ്യുന്ന രീതി) വൈദ്യുതി കടത്തിവിടാവൂ. എന്നാൽ, ഇതൊന്നുമില്ലാതെ നേരിട്ട് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തിവിടുന്നതാണ് വൻ ദുരന്തത്തിലേക്ക് നയിക്കുന്നത്. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ രണ്ട് ഹവിൽദാർമാർ പന്നിക്ക് സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് കഴിഞ്ഞ വർഷം മേയ് 18നാണ്. ക്യാമ്പിന് പിറകിലെ പാടുത്തുനിന്നാണ് ഇവർക്ക് ഷോക്കേറ്റത്. സ്ഥലമുടമ കേസിൽനിന്ന് രക്ഷപ്പെടാൻ പൊലീസുകാരുടെ മൃതദേഹങ്ങൾ മാറ്റിക്കിടത്തിയത് ദുരൂഹത സൃഷ്ടിച്ചിരുന്നു.
2022 മേയ് 21ന് എലപ്പുള്ളി സ്വദേശി വിനീത് ഷോക്കേറ്റ് മരിച്ചതും വൈദ്യുതി വേലിയിൽ തട്ടിയാണ്. ഈ വർഷമാദ്യം അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവ് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. കണ്ണമ്പ്രയിൽ പാടത്തുനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതും ഈയിടെയാണ്. അനധികൃതമായ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിക്കുന്ന സന്ദർഭങ്ങളിലെല്ലാം സ്ഥലമുടമകൾ കേസിൽനിന്ന് രക്ഷപ്പെടാൻ മൃതദേഹങ്ങൾ മാറ്റുന്നതും തെളിവ് നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷി സംരക്ഷിക്കാൻ മാത്രമല്ല, വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കാനും വൈദ്യുതി കെണികൾ ഉപയോഗിക്കുന്നുണ്ട്. വൻതോതിൽ ആളപായം ഉണ്ടായിട്ടും സർക്കാർ വകുപ്പുകൾ അനധികൃത വൈദ്യുതി വേലി സ്ഥാപിക്കുന്നവർക്കെതിരെ നടപടിക്ക് മുതിരുന്നില്ല.
ഇതാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. കെ.എസ്.ഇ.ബിക്ക് വൈദ്യുതി മോഷണം പിടിക്കാൻ പ്രത്യേകം സ്ക്വാഡുകൾ ഉണ്ടെങ്കിലും ഇവർ വല്ലപ്പോഴും മാത്രമാണ് പരിശോധന നടത്താറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

