ഒറ്റപ്പാലത്ത് നിളയിൽ അഗ്നിബാധ തുടർക്കഥ; തകരാറിലായി ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥ
text_fieldsഒറ്റപ്പാലത്ത് നിളയിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധ
ഒറ്റപ്പാലം: നിളാനദിയിൽ അടിക്കടിയുണ്ടാകുന്ന അഗ്നിബാധ ദേശാടന കിളികൾ ഉൾപ്പടെയുള്ള പക്ഷികൾക്ക് ഭീഷണിയാവുന്നു. വേനൽ പിറന്നത് മുതൽ നിരവധി തവണയാണ് വെള്ളം കുറഞ്ഞ പുഴയിലെ ആറ്റുവഞ്ചികളും പൊന്തക്കാടുകളും ഉൾപ്പെട്ട വിശാലമായ പ്രദേശം കത്തിയമർന്നത്. പുഴയിലിറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പുഴയിൽ തീയിടുന്നതിന് പിന്നിലെന്ന് വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും നടപടിയുടെ അഭാവത്തിൽ അഗ്നിബാധ തുടരുകയാണ്. വർഷം തോറും പറന്നെത്തുന്ന ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്നതാണ് പുഴയിൽ അടിക്കടി അരങ്ങേറുന്ന അഗ്നിബാധ.
പതിവായി എത്തുന്ന ദേശാടന കിളികളുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണം അടിക്കടിയുള്ള അഗ്നിബാധയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദേശാടന കിളികളിൽ ഒരു വിഭാഗം പുഴയോരങ്ങളിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ച് കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നവയാണ്. നിരന്തര അഗ്നിബാധ കാരണം പക്ഷികൾ കൂടുകൂട്ടി ആവാസമുറപ്പിക്കുന്നതിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് നടന്ന തീയിടലിൽ കൂടുകൾ കത്തി നശിക്കുകയും പക്ഷികളും മുട്ടകളും വെന്തില്ലാതാകുകയും ചെയ്തിരുന്നു. സംഭവം പുറത്തായതോടെ ഹരിത ട്രൈബ്യൂണൽ കേസെടുക്കുകയും സുരക്ഷയൊരുക്കാൻ നിർദേശിക്കുകയുമുണ്ടായി. എന്നാൽ ഇതുവരെയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മാത്രമല്ല, അഗ്നിബാധ തുടർസംഭവമാകുകയും ചെയ്തു.
ദേശാടന പക്ഷികളുടെ പതിവ് ആവാസ കേന്ദ്രമായി അറിയപ്പെടുന്നത് മായന്നൂർ പാലം പരിസരമാണ്. പതിവായി സാമൂഹ്യ വിരുദ്ധർ കൊള്ളിവെക്കുന്നതും ഇവിടെയാണെന്നതാണ് ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിലാണ് ദേശാടന പക്ഷികൾ ഇവിടെയെത്തുന്നത്. വേനലിൽ പുഴയിൽ തീയിടുന്നത് തടയാൻ കൃത്യമായ നടപടികൾ ഉണ്ടാവാത്ത പക്ഷം ദേശാടന കിളികൾ ഉൾപ്പടെ വിരുന്നുകാരുടെ വരവ് നിലക്കാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

