സംസ്ഥാന കലോത്സവത്തിൽ അവസരം തേടി സ്കൂളിന്റെ നിയമപോരാട്ടം
text_fieldsജില്ലതലത്തിൽ മികച്ച നാടക നടനായി തെരഞ്ഞെടുക്കപ്പെട്ട
വട്ടേനാട് ഗവ. വി.എച്ച്.എസ്.എസിലെ നവനീതിന്റെ പ്രകടനം
കൂറ്റനാട്: വട്ടേനാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളുമെല്ലാം ഒരു പോരാട്ടത്തിലാണ്. സംസ്ഥാന, ജില്ല കലോത്സവങ്ങളിൽ പലതവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഈ സ്കൂളിലെ നവനീതിന് സംസ്ഥാനതലത്തിൽ ഒരു അവസരം ലഭിക്കാനാണ് ഇവരുടെ നിയമപോരാട്ടം. ക്രിസ്മസ് രാത്രി സ്കൂളിന്റെ നാടകങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാണ് പോരാട്ടത്തിന് തുക കണ്ടെത്തുക. സ്കൂളിലെ അഭിനയപ്രതിഭ വി.എച്ച്.എസ്.ഇ രണ്ടാംവർഷ വിദ്യാർഥി നവനീത് ഇത്തവണയും ‘കെന്റോണിയൻസ്’ എന്ന നാടകത്തിലൂടെ ജില്ലയിലെ മികച്ച നടൻ പട്ടം നിലനിർത്തിയെങ്കിലും നാടകത്തിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച നാടകത്തിനേ അവസരമുള്ളൂ എന്നതിനാൽ നവനീതിന് അഭിനയിക്കാനാവാത്ത സ്ഥിതിയാണ്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള നാടകത്തെകൂടി പാലക്കാട് ജില്ലയിൽനിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് പരിഗണിക്കണെന്നാവശ്യപ്പെട്ട് സ്കൂൾ കോടതിയെ സമീപിച്ചു. 2019ലെ സംസ്ഥാന കലോത്സവത്തിൽ ‘ഫ്രീക്കൻ’ എന്ന നാടത്തിലൂടെ മികച്ച നടനായിരുന്നു നവനീത്. ജില്ല കലോത്സവങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ മികച്ച നടനുള്ള സമ്മാനം ഈ പ്രതിഭക്കാണ്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം അഭിനയിക്കാൻ അവസരവും ലഭിച്ചില്ല. അവസാനവർഷ ഹയർസെക്കൻഡറി വിദ്യാർഥിയായ തങ്ങളുടെ മികച്ച നടന് സംസ്ഥാനതലത്തിൽ അവസരം ലഭിക്കാതെ പോകരുതെന്ന സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർബന്ധമാണ് പൊതുജനങ്ങൾക്ക് മുന്നിൽ നാടകമവതരിപ്പിച്ച് നിയമപോരാട്ടം നടത്താൻ ഇവർക്ക് പ്രേരണയായതെന്ന് അധ്യാപിക രേഖ പറയുന്നു.
ക്രിസ്മസ് രാത്രി ഇതേ സ്കൂളിൽനിന്ന് എച്ച്.എസ് വിഭാഗത്തിൽനിന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ കാകപക്ഷം എന്ന നാടകവും ഹയർസെക്കൻഡറി തലത്തിൽ യോഗ്യത നേടാതെ പോയ കെന്റോണിയണും സ്കൂളിലെ കളിക്കൂട്ടം നാടകട്രൂപ്പ് വാവനൂരിലെ ഗേമിയോ കൺവെൻഷൻ സെൻററിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. 200 രൂപ ടിക്കറ്റ് വെച്ചാണ് പ്രദർശനം. നവനീത് അഭിനയിക്കുന്ന ‘കെന്റോണിയൻസ്’ എന്ന നാടകത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിന് പുറമെ, ഹൈസ്കൂൾ വിഭാഗത്തിന്റെ കാകപക്ഷം എന്ന നാടകം സംസ്ഥാനതലത്തിൽ അവതരിപ്പിക്കാനുള്ള ചെലവ് കൂടി ഇതിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രിൻസിപ്പൽ ടിനോ മൈക്കളിൽ പറഞ്ഞു. നാടകത്തിന് യോഗ്യത നേടിയെടുക്കാനുള്ള നിയമപോരാട്ടവും പൊതുജനങ്ങൾക്ക് മുന്നിലെ പ്രദർശനവും വൻ വിജയമാക്കാനുള്ള പരിശ്രമത്തിലാണ് ഈ ഗ്രാമവും വിദ്യാർഥികളുമിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

