ഒന്നാമതായി 11ാം തവണ; ഗുരുകുലത്തിനിത് പുത്തരിയല്ല
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ടീം
ആലത്തൂർ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തുടർച്ചയായ 11ാം തവണ. 2012 മുതൽ ഒന്നാം സ്ഥാനം സ്കൂൾ നിലനിർത്തി വരുന്നു. ഇങ്ങനെയൊരു റെക്കാർഡ് മറ്റൊർക്കും സംസ്ഥാനത്ത് അവകാശപ്പെടാനില്ല. ഹൈസ്കൂൾ വിഭാഗത്തിൽ 101ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 148ഉം ഉൾപ്പെടെ 249 പോയന്റോടെയാണ് ഈ വർഷവും ഒന്നാം സ്ഥാനം ഗുരുകുലം നിലനിർത്തിയത്. എച്ച്.എസ് വിഭാഗത്തിൽ 21ഉം എച്ച്.എസ്.എസ് വിഭാഗത്തിൽ 31ഉം സംസ്കൃതം ഏഴും ഉൾപ്പെടെ 59 ഇനങ്ങളിലായി 206 കലാപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്.
കഠിനപ്രയത്നത്തിന്റെ തിളക്കം
കലോത്സവത്തിൽ എല്ലായ്പോഴും പാലക്കാടിന്റെ നേട്ടത്തിന് പിന്നിൽ ഗുരുകുലത്തിന്റെ കഠിന പ്രയത്നത്തിന്റെ തിളക്കമാകുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കലോൽസവത്തിന്റെ പരിശീലനവും തുടങ്ങുന്നു എന്നതാണ് ഗുരുകുലത്തിന്റെ പ്രത്യേകത. മിടുക്കരായവരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. കലോൽസവ ചിലവിനത്തിൽ തുകയൊന്നും കുട്ടികളിൽ നിന്ന് ഈടാക്കാറില്ല.
കലയാണ് ലഹരി
2002ലാണ് സ്കൂൾ കലോത്സവ വേദിയിലേക്ക് ഗുരുകുലം പ്രവേശിക്കുന്നത്. അന്ന് കണ്ട സ്വപ്നമായിരുന്നു കിരീടം നേടുകയെന്നത്. കിരീടം നേടുക മാത്രമല്ല അത് നിലനിർത്താനായ നിരന്തര പ്രയത്നം തുടരുന്നത് ഗുരുകുലത്തിന്റെ തനതായ രീതിയാണ്. ഇത്തവണത്തെ കലോത്സവയാത്രയുടെ സവിശേഷത സാമൂഹിക വിപത്തായ ലഹരിക്കെതിരെ കലയെ ആയുധമാക്കിയുള്ള പ്രവർത്തനങ്ങളാണ്.
ഇതിന്റെ ഭാഗമായി സംഘനൃത്തം മൂകാഭിനയം, ദേശഭക്തിഗാനം, കോൽക്കളി തുടങ്ങിയ ഇനങ്ങൾ ലഹരിക്കെതിരായ സന്ദേശം അടങ്ങുന്ന രീതിയിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. കലയാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി സമാപന വേദിയിൽ പ്രചാരണവും നടത്തിയിരുന്നു. സമ്മാനം നേടുക മാത്രമല്ല കുട്ടികളെ കലയിലൂടെ നവീകരിക്കുകയാണ് വിദ്യാലയത്തിന്റെ ലക്ഷ്യമെന്നും പ്രിൻസിപ്പൽ ഡോ. വിജയൻ വി. ആനന്ദും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

