സ്കൂള്‍ ബസ് ഫിറ്റ്നസ്: പാലക്കാട് ജില്ലയിൽ 678 വാഹനങ്ങള്‍ പരിശോധിച്ചു
text_fieldsrepresentation image
പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ഇതുവരെ 678 വാഹനങ്ങള്‍ പരിശോധിച്ചു. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാത്തതിനാല്‍ 37ഓളം വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം ബസുകളാണുള്ളത്.
ബുധനാഴ്ചക്കുള്ളില്‍ എല്ലാവരും പരിശോധന നടത്തി സ്റ്റിക്കര്‍ സ്വീകരിക്കണമെന്ന് ആര്.ടി.ഒ അറിയിച്ചു. സ്റ്റിക്കര്‍ പതിപ്പിക്കാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്.ടി.ഒ. ടി.എം. ജേഴ്സണ് അറിയിച്ചു.
ജില്ലയിലെ താലൂക്ക്തലത്തിലുള്ള ആര്.ടി.ഒ. ഓഫിസുകള്‍ മുഖേനയാണ് പരിശോധന നടക്കുന്നത്. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം (വി.എല്‍.ടി.ഡി), സ്പീഡ് ഗവര്‍ണര്‍, എമര്‍ജന്‍സി എക്സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീ-മണ്‍സൂണ്‍ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയര്‍, വൈപ്പര്‍, മെക്കാനിക്കല്‍ ഫിറ്റ്നസ് എന്നിവയും പരിശോധിക്കും.
എയര്‍ ഹോണ്‍ അനുവദിക്കില്ല. പരമാവധി 50 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാവൂ. വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് ഇരിക്കാനാണ് അനുമതിയുള്ളത്. കുട്ടികളെ നിര്‍ത്തിക്കൊണ്ട് പോകരുത്.
വാഹനത്തിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. കുട്ടികളുടെ രക്ഷിതാക്കളുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓണ്‍ ഡ്യൂട്ടി ബോര്‍ഡ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വെള്ള നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും യൂണിഫോം നിര്‍ബന്ധമാണെന്നും ആര്.ടി.ഒ. പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്ക് പുറമേ ആയമാരും ബസില്‍ ഉണ്ടായിരിക്കണം. പരിശോധനക്ക് പുറമേ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസും നല്‍കുന്നുണ്ട്. നാനൂറോളം ഡ്രൈവര്‍മാര്‍ക്ക് ഇതുവരെ പരിശീലനം നല്കി. എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
സ്കൂൾ ബസ് എവിടെയെത്തി, അറിയാൻ മൊബൈൽ ആപ്പ്
പാലക്കാട്: വിദ്യാർഥികളുമായി വരുന്ന സ്കൂള്‍ ബസുകളുടെ ഗതി അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് ജില്ലയില്‍ നിര്‍ബന്ധമാക്കി. ആപ്പിലൂടെ സ്കൂള്‍ ബസ് എവിടെയെത്തി, വാഹനത്തിന്റെ സഞ്ചാരം, വേഗം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാം.
കൂടാതെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ട്രോള് റൂമില്‍ ഉടന്‍ വിവരം എത്തും. സ്കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ സുരക്ഷാമിത്ര സോഫ്റ്റ് വെയറില്‍നിന്നുള്ള വിവരങ്ങളാണ് വിദ്യാവാഹനില്‍ ലഭിക്കുക. രക്ഷിതാക്കള്‍ വിദ്യാവാഹന്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
സ്കൂളില്‍ നല്കിയ രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ വഴിയാണ് ആപ്ലിക്കേഷനില്‍ പ്രവേശിക്കേണ്ടത്. വിദ്യാവാഹന്‍ ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സ്കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്.ടി.ഒ. ടി.എം. ജേഴ്സണ് അറിയിച്ചു.
വാഹന വിവരങ്ങള്‍ സുരക്ഷ മിത്രയില് രേഖപ്പെടുത്തണം
സ്കൂള്‍ അധികൃതര്‍ സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ (https://tracking.keralamvd.gov.in/) ബസ് വിവരങ്ങള്‍ രേഖപ്പെടുത്തണം. ബസ് നമ്പര്‍, റൂട്ട്, സീറ്റ് കപ്പാസിറ്റി തുടങ്ങിയവയെല്ലാം അപ്ഡേറ്റ് ചെയ്യണം. ഇതോടെ ഇത്തരം വിവരങ്ങളെല്ലാം പാരന്റ് ബസ് മാപ്പിങ് എന്ന പേജില്‍ ദൃശ്യമാകും. ശേഷം സ്കൂള്‍ ബസ് മാനേജ്മെന്റ് എന്ന മെനുവില്‍നിന്ന് പാരന്റ് ബസ് മാപ്പിങ് തെരഞ്ഞെടുക്കണം. വാഹനത്തിന്റെ നമ്പര്‍ ഉള്ള പട്ടികയും രക്ഷിതാവിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ബട്ടണും ദൃശ്യമാകും. ഇവിടെ വാഹനത്തിന്റെ നമ്പര്‍ തെരഞ്ഞെടുത്തശേഷം രക്ഷിതാവിന്റെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം.
വിദ്യാവാഹന്‍ ആപ്പ് ഉപയോഗം ഇങ്ങനെ...
രക്ഷിതാക്കള്‍ പ്ലേ സ്റ്റോറില്‍നിന്ന് വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. സ്കൂളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി. വഴി ആപ്പിലേക്ക് പ്രവേശിക്കാം. ഒ.ടി.പി. വെരിഫിക്കേഷന് ശേഷം ലോഗിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിദ്യാവാഹന്‍ ഹോംപേജ് തുറന്നുവരും.
ഇതില്‍ രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറിന് താഴെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ പട്ടിക ദൃശ്യമാകും. വാഹനത്തിന് നേരെയുള്ള ലൊക്കേറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ വാഹനത്തെ ട്രാക്ക് ചെയ്യാനാകും. വാഹന നമ്പര്‍, തീയതി, സമയം, വേഗത തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

