തേക്കടി മേഖലയിലേക്ക് പട്ടിക വർഗ വകുപ്പിന്റെ വാഹനം അനുവദിക്കണം
text_fieldsസേത്തുമടയിൽനിന്ന് പറമ്പിക്കുളത്തേക്ക് യാത്രക്കാരെ എത്തിക്കുന്ന ജീപ്പുകൾ
പറമ്പിക്കുളം: തേക്കടി മേഖലയിലേക്ക് പട്ടികവർഗ വകുപ്പിന്റെ വാഹനം അനുവദിക്കണമെന്ന് ആവശ്യം. ഒരു ജീപ്പ് ദിവസം ഒരു തവണയെങ്കിലും മുതലമട-തേക്കടി റൂട്ടിൽ സർവിസ് നടത്തണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. നിലവിൽ ഒരാൾക്ക് 700 രൂപയിലധികം നൽകിയാണ് തേക്കടിയിൽനിന്ന് തമിഴ്നാട്ടിലെ സേതുമടയിലേക്ക് സ്വകാര്യ വാഹനങ്ങളിലെത്തുന്നത്. ഇവിടെനിന്നാണ് ബസ്സിൽ ആനമല, അബ്രാംപാളയം, ഗോവിന്ദാപുരം വഴി മുതലമട പഞ്ചായത്ത്, വില്ലേജ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ എത്തിച്ചേരുന്നത്.
തകർന്ന റോഡിൽ ബസ് സർവിസ് പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ പട്ടികവർഗ വകുപ്പ് മുൻകൈയെടുത്ത് ഒരു ജീപ്പ് അനുവദിക്കുകയാണെങ്കിൽ ഒരു ദിവസം ഒരു സർവിസ് നടത്തിയാൽ ചെറിയ തുകക്ക് അത്യാവശ്യ കാര്യങ്ങൾക്ക് സഞ്ചരിക്കാനും രോഗികളെ കൊണ്ടുപോകാനും സഹായകമാകുമെന്ന് ആദിവാസികൾ പറയുന്നു.
ജില്ല കലക്ടർ ഇടപെട്ട് തേക്കടി മേഖലയിലേക്ക് ജീപ്പ് അനുവദിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. കോളനിക്കാർക്കായി സർവിസ് നടത്താത്തപ്പോൾ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നാണ് നിർദേശം. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ വൻതുക നൽകി നാട്ടിലെത്തുവാൻ പ്രയാസം അനുഭവിക്കുകയാണ്. ജോലികൾ കുറഞ്ഞതും വനംവകുപ്പിന്റെ തൊഴിലുകൾ ആദിവാസികൾക്ക് ലഭിക്കാത്തതും നിലവിൽ സാമ്പത്തിക പ്രയാസത്തിന് കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പഞ്ചായത്ത്, വില്ലേജ്, ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെടാൻ തേക്കടി മേഖലയിലെ ആറ് കോളനിവാസികൾക്ക് യാത്രാസൗകര്യം ഒരുക്കാൻ പട്ടിക വർഗ വകുപ്പ് തയാറാവണമെന്നാണ് ഊരുമൂപ്പന്മാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

