പാലക്കാട്: ദേശീയപാതക്ക് സമീപം മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ പൊലീസ് പരിശോധന.
പട്ടാമ്പി, ഓങ്ങല്ലൂർ, ഒറ്റപ്പാലം, കൊപ്പം, വല്ലപ്പുഴ, ഷൊർണൂർ, ചെർപ്പുളശ്ശേരി, പുതുനഗരം, പാറ, നെന്മാറ, പാലക്കാട് എന്നിവിടങ്ങളിൽ എത്തിയ പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. കേസിൽ എട്ടു പ്രതികളാണ് ആകെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. അഞ്ചുപേർകൂടി ഇനിയും പിടിയിലാകാനുണ്ട്.
കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫർ സാദിഖ് (31), നെന്മാറ അടിപ്പെരണ്ട സ്വദേശി അബ്ദുൽ സലാം (30), ഒറ്റപ്പാലം ചുനങ്ങാട് മനയ്ക്കൽ വീട്ടിൽ നിസാർ (നിഷാദ് -37) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച കാർ പൊള്ളാച്ചിയിൽ പൊളിച്ചുവിറ്റതായും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.