ആര്.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ചു; പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും
text_fieldsപാലക്കാട്: ജങ്ഷന് സ്റ്റേഷനില്‍ റെയിൽവേ സംരക്ഷണ സേനയിലെ വനിത കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിനും 500 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
2016 ജനുവരി 21ന് റിപ്പബ്ലിക് ദിന പരേഡിെൻറ പരിശീലനത്തിനായി പാലക്കാട് ഡിവിഷനല്‍ ഓഫിസില്‍ എത്തിയ വനിത കോൺസ്റ്റബിളിനെ പ്രതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഏണിപ്പടിയിലാണ് അപമാനിച്ചത്. മഫ്ടി വേഷത്തില്‍ പ്ലാറ്റ്ഫോമിലെ കാൻറീനില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ഉദ്യോഗസ്ഥയും മറ്റ് രണ്ട് സഹ ഉദ്യോഗസ്ഥകളും പ്രതിയെ തടഞ്ഞ് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

