മിഴിപൂട്ടി വഴിവിളക്കുകൾ ഇരുട്ടിലായി ഗ്രാമങ്ങള്‍
text_fieldsആനക്കര: ആനക്കര, പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിൽ വഴിയോരങ്ങളിൽ പ്രകാശം നൽകാൻ വിളക്കുതൂണുകളുണ്ട്. എന്നാൽ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന് ചോദിച്ചാൽ പകുതിയും കത്തില്ല എന്നാണുത്തരം.
യാത്രക്കാർക്കും പ്രദേശവാസികൾക്കും വ്യാപാരികൾക്കും ഉപകാരമായിരുന്ന തെരുവുവിളക്കുകളാണ് പലഭാഗങ്ങളിലായി പണിമുടക്കിയത്. ആനക്കര പഞ്ചായത്തിലെ 16ാം വാർഡിൽ പെരുമ്പലം ഇല്ലത്ത് പടി മുതൽ പെരുമ്പലം കൊടലിൽ വാമനമൂർത്തി ക്ഷേത്രം വരെ സന്ധ്യമയങ്ങിയാൽ കൂരിരുട്ടാണ്.
പേരിന് രണ്ടോ മൂന്നോ വിളക്കുകൾ കത്തുന്നതൊഴിച്ചാൽ ഈ ഭാഗത്ത് വെളിച്ചമില്ല. മലമൽക്കാവ്, കൂടല്ലൂർ, പന്നിയൂർ, അമേറ്റിക്കര, നയ്യൂർ, കുമ്പിടി, ഉമ്മത്തൂർ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ആനക്കര പഞ്ചായത്തിൽ എണ്ണൂറിലേറെ തെരുവുവിളക്കുകളുണ്ട്. ഇതിൽ 60 ശതമാനവും കത്താറില്ല. കപ്പൂർ പഞ്ചായത്തിൽ ആയിരത്തോളം ഉള്ളവയിൽ തെളിയുന്നതാകട്ടെ 50 ശതമാനത്തിൽ താഴെ.
പഞ്ചായത്തിലെ എൻജീനിയർ റോഡ്, കുമരനല്ലൂർ, പറക്കുളം, പടിഞ്ഞാറങ്ങാടി, ചേക്കോട് എന്നീ ഭാഗങ്ങളിലാണ് കൂടുതലായും വഴിവിളക്കുകൾ പ്രവർത്തന രഹിതമായത്. ഇതിനുപുറമെ പടിഞ്ഞാറങ്ങാടി ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് തകരാറിലായിട്ട് വർഷങ്ങളായി. പട്ടിത്തറ പഞ്ചായത്തിലെ കോക്കാട്, ഒതളൂർ തുടങ്ങിയ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ പൂർണമായും കണ്ണടച്ചമട്ടാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി തെരുവുവിളക്കുകൾ പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

