പുതുനഗരം ടൗണിലെ റോഡ് തകർച്ച; ഒപ്പ് ശേഖരണ കാമ്പയിന് തുടക്കം
text_fieldsപുതുനഗരം ടൗണിലെ റോഡ് തകർച്ചക്കെതിരെ പാരൻറ്സ് കോഓഡിനേഷൻ ഫോറം ആരംഭിച്ച ജനകീയ ഒപ്പുശേഖരണം
പുതുനഗരം: പുതുനഗരം ടൗണിലെ റോഡ് തകർച്ചക്കെതിരെ പതിനായിരം ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ച് നാട്ടുകാർ. പാരൻറ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികളാണ് റോഡ് തകർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ധർണയും കലക്ടർക്കും മന്ത്രിക്കും നൽകാനുള്ള നിവേദനത്തിലേക്ക് ഒപ്പുശേഖരണവും ആരംഭിച്ചത്. പതിനായിരം ഒപ്പുകൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കൾ.
ജല ജീവൻ മിഷൻ ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതുനഗരം ടൗണിൽ 400 മീറ്ററിൽ അധികം ദൂരം റോഡ് പൊളിച്ചിരുന്നു. എന്നാൽ, അഞ്ച് മാസമായിട്ടും റോഡ് നന്നാക്കാത്ത ജല അതോറിറ്റി നടപടിക്കെതിരെയാണ് പ്രതിഷേധം. റോഡ് തകർച്ചമൂലം നിരവധി വാഹനാപകടങ്ങൾക്കാണ് വഴിവെച്ചത്.
പുതുനഗരം ജങ്ഷൻ മുതൽ മുംതാസ് മഹൽ വരെയുള്ള പ്രദേശങ്ങളിൽ വാഹനാപകടം പതിവ് കാഴ്ചയായതായി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത നാടൻ പാട്ട് കലാകാരൻ കുമരേഷ് വടവന്നൂർ പറഞ്ഞു. വാഹനാപകടം ഒഴിവാക്കാൻ ഒന്നരമാസം മുമ്പ് പുതുനഗരം പഞ്ചായത്ത് ജനപ്രതിനിധികൾ പരാതി നൽകിയപ്പോൾ താൽക്കാലികമായി കല്ലുകൾ നിക്ഷേപിക്കുക മാത്രമാണുണ്ടായത്. ഇപ്പോൾ കുഴികളിലെ കല്ലുകൾ ഇളകി ഇരുചക്ര വാഹനങ്ങൾ കൂടുതൽ അപകടത്തിൽപെടുകയാണ്.
കൊടുവായൂർ, പെരുവെമ്പ് ഉൾപ്പെടെ വിദ്യാലയങ്ങളിലേക്ക് ഏഴായിരത്തിലധികം വിദ്യാർഥികൾ വന്നുപോകുന്ന പുതുനഗരം ടൗണിലെ റോഡ് തകർന്നിട്ടും നന്നാക്കാത്ത അധികൃതരുടെ നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. യോഗത്തിൽ പാരന്റ്സ് കോഓഡിനേഷൻ ഫോറം മുൻകോഓഡിനേറ്റർ താജുമ്മ മുജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലക്ഷ്മണൻ പല്ലാവൂർ, ജമീല പട്ടുറുമാൽ, എ. കാജാ ഹുസൈൻ എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

