അരിയും ഗോതമ്പും പിടികൂടി
text_fieldsപാലക്കാട്: സംസ്ഥാനത്തിനകത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ വഴി വ്യാപകമായി റേഷനരി കടത്തുന്നതായി പരാതികൾ ശ്രദ്ധയിൽപെട്ടതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.
പാലക്കാട് താലൂക്ക് കൊടുമ്പ് പഞ്ചായത്ത് കനാല്‍ പാലത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ ആവശ്യമായ രേഖകളില്ലാതെയും കൃത്യമായ അളവോ തൂക്കമോ കൂടാതെയും സൂക്ഷിച്ചിരുന്ന 189 ചാക്കുകളില്‍ 9276 കിലോഗ്രാം പുഴുക്കലരിയും 72 ചാക്കുകളില്‍ 3481 കിലോഗ്രാം പച്ചരിയും 33 ചാക്കുകളില്‍ 1403 കിലോഗ്രാം മട്ടയരിയുമുള്‍പ്പെടെ 14,160 കിലോഗ്രാം അരിയും രണ്ട് ചാക്കുകളിലായി 80 കിലോഗ്രാം ഗോതമ്പുമാണ് പിടിച്ചെടുത്തത്.
ഈ സ്ഥാപനത്തിന്റെ പഞ്ചായത്ത് ലൈസന്‍സ് കാലഹരണപ്പെട്ടതാണ്. എഫ്.എസ്.എസ്.എ ലൈസന്‍സ് ഇല്ല. സ്റ്റോക്ക് രജിസ്റ്ററും പരിശോധനയില്‍ കണ്ടെത്താനായില്ല. പിടിച്ചെടുത്ത സാധനങ്ങള്‍ ജില്ല കലക്ടറുടെ ഉത്തരവ് ഉണ്ടാകുംവരെ കഞ്ചിക്കോട് സപ്ലൈകോയുടെ എന്‍.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി. ഇവ പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ച് തുക സര്‍ക്കാറിലേക്ക് മുതല്‍ കെട്ടും. ജില്ലയില്‍ വരുംദിവസങ്ങളിലും വ്യാപകമായ പരിശോധനകള്‍ തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

