യാത്രക്കാർക്ക് ആശ്വാസം; മാത്തൂരിൽ വാട്ടർ എ.ടി.എം റെഡി
text_fieldsമാത്തൂർ: യാത്രക്കാർക്കും ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തുന്നവർക്കും ആശ്വാസമായി മാത്തൂരിൽ ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം പ്രധാന പാതയോരത്ത് വാട്ടർ എ.ടി.എം പ്രവർത്തനം തുടങ്ങി. ഒരു രൂപ നാണയമിട്ട് ബട്ടൺ അമർത്തിയാൽ ഒരു ലിറ്റർ തണുത്ത വെള്ളം ലഭിക്കും. അഞ്ച് രൂപ നാണയത്തുട്ട് ഇട്ട് ബട്ടൺ അമർത്തിയാൽ അഞ്ച് ലിറ്റർ സാധാരണ ശുദ്ധീകരിച്ച വെള്ളം ലഭിക്കും.
മാത്തൂർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണിത് സ്ഥാപിച്ചത്. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ ചെയർമാൻ നദീറ ഇസ്മയിൽ, ക്ഷേമകാര്യ ചെയർപേഴ്സൻ എ.ആർ. പ്രേമദാസൻ, വിദ്യാഭ്യാസ ചെയർപേഴ്സൻ ജയശ്രീ പ്രകാശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടി പി.എൻ. തങ്കമണി സ്വാഗതവും അംഗം ശശികല നന്ദിയും പറഞ്ഞു.

