സാങ്കേതിക കുരുക്കിൽ വഴിമുട്ടി ചുള്ളിയാർ പുഴപ്പാലം പുനർനിർമാണം
text_fieldsചുള്ളിയാർ പുഴപ്പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തപ്പോൾ (ഫയൽ ചിത്രം)
മുതലമട: ഗായത്രി പുഴക്ക് കുറുകെ പള്ളം ചുള്ളിയാർ പുഴപ്പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പാലം പുനർനിർമാണത്തിലും രാഷ്ട്രീയം കലർന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പൂർണമായും തകർന്ന പാലം നിർമിക്കാൻ മുതലമട പഞ്ചായത്ത് 48 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, അപ്രോച് റോഡില്ലാത്തത് പുനർനിർമാണത്തിന് തടസ്സമാണെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു. ഇതോടെ അപ്രോച്ച് റോഡിന് വഴിവെട്ടാനായി നാട്ടുകാർ രംഗത്തിറങ്ങി.
പള്ളം, പട്ടർപള്ളം, തിരുമികുളമ്പ്, ലവച്ചള്ള, മല്ലൻകുളമ്പ് തുടങ്ങിയിടങ്ങളിലെ നൂറുകണക്കിന് നാട്ടുകാരും വിദ്യാർഥികളുമാണ് അപ്രോച്ച് റോഡിനായി കഴിഞ്ഞ മാസം വഴിയൊരുക്കാൻ ഇറങ്ങിയത്. എന്നിട്ടും പാലം പുനർ നിർമാണം ആരംഭിക്കാനായില്ല. സ്ഥലമെടുപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ മറയാക്കി ചില ഉദ്യോഗസ്ഥർ പാലം പണിക്ക് തടസ്സം നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
നിലവിൽ പാലത്തിന്റെ പള്ളം ഭാഗത്തു റോഡ് ഉണ്ടെങ്കിലും ചുള്ളിയാർ ഭാഗത്ത് റോഡ് നിർമിച്ചിട്ടില്ല. റോഡ് നിർമിക്കാനായി സ്ഥലമെടുപ്പ് ഏറെക്കുറെ പൂർത്തിയായെന്നാണ് ഭരണസമിതി പറയുന്നത്. എന്നാൽ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയാകാത്തതും സാങ്കേതിക പിഴവുമാണ് അധികൃതർ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. പള്ളം ചുള്ളിയാർ പുഴപ്പാല നിർമാണം അനിശ്ചിതത്വത്തിലായതോടെ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പന ദേവിയും വൈസ് പ്രസിഡന്റ് എം. താജുദ്ദീനും ഹൈകോടതിയെ സമീപിച്ചിരുന്നു. കരാർ നടപടികൾ പൂർത്തിയാക്കി ഏഴുമാസം കഴിഞ്ഞിട്ടും നിർമാണത്തിന്റെ പ്രാരംഭഘട്ടം പോലും ആരംഭിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതിനു മുമ്പ് പാലം പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും സമര രംഗത്താണ്.
അഞ്ഞൂറിലേറെ കുടുംബങ്ങൾക്ക് പാലം ഗുണകരമാകും. പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ, മുതലമട പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ മുതലമട ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

