ചെറുവയൽ രാമൻ; ആ ചാമക്കഞ്ഞിയുടെ രുചി മായാതെ രമേശ് ബാബുവും സംഘവും
text_fieldsചെറുവയൽ രാമനെ സന്ദർശിച്ച ഫോട്ടോഗ്രാഫേഴ്സ്
അസോസിയേഷൻ പ്രവർത്തകർ
പുതുനഗരം: പത്മശ്രീ നേടിയ സമയത്ത് ചെറുവയൽ രാമന്റെ വീട്ടിലെത്തിയ ഓർമയിൽ രമേശ് ബാബുവും സംഘവും. 2023ലാണ് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിതസേന വിഭാഗത്തിന്റെ നേതൃത്വത്തിൽ, പത്മശ്രീ ലഭിച്ച ചെറുവയൽ രാമനെ അഭിനന്ദിക്കാൻ 20 പേരടങ്ങുന്ന സംഘം വയനാട്ടിലെത്തിയത്. തന്റെ കൃഷിയിടം കാണിച്ച് കൊടുത്ത അദ്ദേഹം, പരമാവധി ജൈവരീതിയിൽ കൃഷി ചെയ്യണമെന്നും മാരക കീടനാശിനികൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും പറഞ്ഞു.
ചെറിയ ജീവികളെ കൊല്ലുന്ന രീതി കൃഷിയുടെ നാശത്തിന് തന്നെ വഴിവെക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചാമക്കഞ്ഞി നൽകിയ ശേഷമാണ് അദ്ദേഹം യാത്രയാക്കിയതെന്ന് പെരുമ്പിലെ സ്റ്റുഡിയോ ഉടമ രമേശ് ബാബു പറയുന്നു. 30 നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്ന ചെറുവയൽ രാമൻ അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും പകർന്ന് നൽകി. സുകുമാരൻ വർണം, മണികണ്ഠൻ മുളയങ്കാവ്, രതീഷ് ആലത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 20 പേരടങ്ങുന്ന സംഘം അദ്ദേഹത്തെ സന്ദർശിച്ചത്.
അവസാനം വരെ കർഷകർക്കൊപ്പം
കൊല്ലങ്കോട്: നെൽ കർഷകർക്കായി ശബ്ദിച്ച ചെറുവയൽ രാമനെ ഓർത്തെടുക്കുകയാണ് കൊല്ലങ്കോട്ടെ കർഷകർ. സംഭരിച്ച നെല്ലിന് വില ലഭിക്കാത്തതിനെതിരെ 2013 സെപ്റ്റംബറിൽ കർഷക സംരക്ഷണ സമിതി പാലക്കാട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് ചെറുവയൽ രാമനായിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് കർഷകസംരക്ഷണസമിതി രക്ഷാധികാരി ചിദംബരൻ കുട്ടി പറഞ്ഞു. നെൽക്കർഷകർക്ക് മതിയായ തോതിൽ താങ്ങുവില ലഭ്യമാക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

