റെയിൽവേ വൈദ്യുതീകരണം കൊല്ലങ്കോട്ടെത്തി
text_fieldsകൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
പുതുനഗരം: പാലക്കാട്- പൊള്ളാച്ചി റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തികൾ വേഗത്തിലാക്കി റെയിൽവേ. മെറ്റീരിയൽ വാഗൺ ഉപയോഗിച്ചുള്ള വൈദ്യുതി ലൈൻ വലിക്കൽ പ്രവർത്തനങ്ങൾ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ യാർഡിലെത്തിയതായി അധികൃതർ അറിയിച്ചു.
പാലക്കാട് വരെയുള്ള 53.78 കിലോമീറ്റർ റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും തൊഴിലാളി പ്രശ്നങ്ങളും മറ്റും വെല്ലുവിളിയാവുകയായിരുന്നു.
ചെന്നൈയിലെ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കാണ് പരിശോധന ചുമതല. എൽ ആൻഡ് ടി കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കഞ്ചിക്കോട്ടെ റെയിൽവേ ഇലക്ട്രിക് ട്രാക്ഷൻ സബ് സ്റ്റേഷനിൽ നിന്ന് പാലക്കാട് മുതൽ പല്ലശ്ശന റോഡ് വരെ ഭാഗത്തേക്കു വൈദ്യുതി എത്തിക്കാനാകും.
അവിടെ നിന്ന് പൊള്ളാച്ചി വരെയുള്ള ഭാഗത്തേക്ക് പൊള്ളാച്ചിക്കടുത്ത ഗോമംഗലം, പഴനി സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തിക്കാൻ കഴിയും. വൈദ്യുതീകരണം പൂർത്തീകരിക്കുന്നതോടെ പാലക്കാട് -പൊള്ളാച്ചി- കോയമ്പത്തൂർ, പാലക്കാട് -പഴനി റൂട്ടുകളിൽ മെമു ട്രെയിൻ സർവിസുകൾ ആരംഭിക്കാനാകും. പാലക്കാട് - പൊള്ളാച്ചി ഗേജ് മാറ്റത്തിന് ശേഷം പ്രവർത്തനം ആരംഭിച്ച പൊള്ളാച്ചി- പോത്തന്നൂർ റൂട്ടിൽ ഗേജ് മാറ്റവും വൈദ്യുത എൻജിൻ സർവിസ് ആരംഭിച്ചതിനാൽ വൈദ്യുതീകരണം വേഗത്തിൽ പൂർത്തീകരിച്ച് പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ മെമു സർവിസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡിന് കത്തയച്ചതായി പാലക്കാട് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

