സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തിചെയ്ത സ്കൂൾ പി.ടി.എ ഏറ്റെടുത്തു
text_fieldsപാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തിയിൽ പൂട്ടിയിട്ട വാളയാർ മംഗലത്തൻ ചള്ള സായി നിലയം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ നടത്തിപ്പ് രക്ഷാകർതൃസമിതി ഏറ്റെടുത്തു. ഇതോടെ സ്കൂളിലെ പഠനം പൂർവസ്ഥിതിയിലായി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് നിയമനടപടിയിലൂടെ ധനകാര്യസ്ഥാപനം സ്കൂൾ ജപ്തി ചെയ്തെങ്കിലും പഠനം മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റിന് മാർച്ച് 31 വരെ അധ്യയനം തുടരാൻ കോടതി സമയം അനുവദിച്ചിരുന്നു.
പിന്നീട് നടത്തിപ്പ് ഏറ്റെടുക്കാൻ രക്ഷാകർതൃസമിതിക്ക് ജപ്തി ചെയ്ത ധനകാര്യ സ്ഥാപനം അനുവാദം നൽകുകയും ചെയ്തു. പൊതുപരീക്ഷ അടുത്തിരിക്കെ അധ്യയനദിനങ്ങൾ മുടങ്ങുന്നത് പത്താം ക്ലാസിലെ ഉൾപ്പെടെ 530 വിദ്യാർഥികളെ ആശങ്കയിലാക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ ജനുവരി ഏഴിന് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർഥികൾ കുറഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ധനകാര്യസ്ഥാപനവുമായുണ്ടാക്കിയ ഇടപാടാണ് പ്രതിസന്ധിയിലാക്കിയതെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.

