മണപ്പാടം മലങ്കാട് ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
text_fieldsപ്രതീകാത്മക ചിത്രം
പുതുക്കോട്: മണപ്പാടം മലങ്കാട് പ്രദേശത്താരംഭിച്ച ക്വാറിയുമായി ബന്ധപ്പെട്ട വിവാദം പുതുക്കോട് പഞ്ചായത്തിൽ സജീവ ചർച്ചയാകുന്നു. ക്വാറി പ്രവർത്തനത്തിനെതിരെ നാട്ടുകാരും ജനകീയ സമരസമിതിയും പ്രതിഷേധം കടുപ്പിച്ചതോടെ രാഷ്ട്രീയപാർട്ടികളും രംഗത്ത് വന്നു. ക്വാറി പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുതുക്കോട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണ് ക്വാറിക്ക് അനുമതി ലഭിച്ചതെന്നാണ് നിലവിലെ ഭരണസമിതിയെ നയിക്കുന്ന കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, ക്വാറിക്ക് തത്വത്തിൽ പോലും അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ വഴിവിട്ട നടപടികൾ മൂലമാണ് അനുമതി ലഭിച്ചതെന്നുമാണ് സി.പി.എം വ്യക്തമാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലും ക്വാറി വിരുദ്ധ സമരം ചർച്ചയാകാനാണ് സാധ്യത. ജനവികാരം ശക്തമായ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും ജനകീയ സമരസമിതി കക്ഷിചേർന്നിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഹരിത ട്രിബ്യൂണലിൽ പരാതി നൽകാനുള്ള ഒരുക്കങ്ങളും സമരസമിതി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം പ്രദേശം സന്ദർശിച്ച പി.പി. സുമോദ് എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രവർത്തനം നിർത്തിവെക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കളായ കെ.സി. ബിനു ശങ്കരനാരായണൻ നായർ, ഹരീഷ്, ജയൻ, ഉണ്ണികൃഷ്ണൻ, അജി അജീഷ് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

