നിരോധിത കറൻസി ഇടപാട്: മലപ്പുറം സ്വദേശികളെ തടഞ്ഞുവെച്ച് മർദിച്ച 12 പേർ അറസ്റ്റിൽ
text_fieldsപാലക്കാട്: നിരോധിച്ച ഇന്ത്യൻ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് പണം തിരിച്ച് കൊടുക്കാത്തതിന്റെ പേരിൽ ആളെ തടഞ്ഞുവെച്ച് പണം പിടിച്ചുവാങ്ങിയ കേസിലെ 12 പ്രതികളെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് കിണാശ്ശേരി തണ്ണീർപന്തൽ കേളക്കോട് മൂത്തന്നൂർ മുഹമ്മദ് ഷെരീഫ് (31), മണ്ണാർക്കാട് അരക്കുറുശ്ശി കീച്ചമറ്റത്തിൽ ബിജു(51), പിരായിരി മേപ്പറമ്പ് ചിറക്ക്കാട് അബ്ബാസ് (40), മണ്ണാർക്കാട് അരയങ്കോട് ചുങ്കത്ത് രമേഷ് (31), പട്ടാമ്പി കുലുക്കല്ലൂർ ചുണ്ടമ്പറ്റ കുളക്കാട്ടിൽ മുഹമ്മദ് മുസ്തഫ (52), പാലക്കാട് കൽമണ്ഡപം സഫീർ മൻസിലിൽ സഫീർ (39), മണ്ണാർക്കാട് അരയങ്കോട് കുന്നത്ത് വിജീഷ് (33), തൃശൂർ വേളൂർ തറയിൽ രാമകൃഷ്ണൻ (67), മണ്ണാർക്കാട് അരയങ്കോട് കൈപ്പേടത്ത് ദീപു (29), ഒലവക്കോട് പൂക്കരത്തോട്ടം കറുപ്പൻ വീട്ടിൽ നിഷാദ് ബാബു (36), പിരായിരി പള്ളിക്കുളം ചിമ്പുകാട് ഷഫീർ (33), പാലക്കാട് പൂളക്കാട് നൂറാനി സാദത്ത് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം അരീക്കോട് പാറക്കൽ അബ്ദുൽ നാസർ, സുഹൃത്ത് അബ്ദുറഹിമാൻ എന്നിവർ ചേർന്നാണ് നിരോധിച്ച കറൻസി നോട്ടുകൾ മാറ്റിത്തരാമെന്ന് വാഗ്ദാനംചെയ്ത് പ്രതികളിൽനിന്ന് പണം വാങ്ങിയത്. 78,90,000 രൂപ ഇരുവരും കൈക്കലാക്കിയതായി പറയുന്നു.
പണം തിരിച്ചുകിട്ടാതായതോടെ മറ്റൊരു ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് നാസറിനേയും അബ്ദുൽറഹ്മാനേയൂം പ്രതികൾ തന്ത്രപൂർവം പാലക്കാട് ചന്ദ്രനഗറിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്നും കിണാശ്ശേരി മമ്പറത്തുള്ള ഒന്നാം പ്രതി ഷെരീഫിന്റെ ഫാമിലെത്തിച്ചു. അവിടെ തടഞ്ഞു വെച്ച് മർദിച്ചു. കൈവശം ഉണ്ടായിരുന്ന 10300 രൂപ, മൊബൈൽ ഫോണുകൾ, അഞ്ച് എ.ടി.എം കാർഡുകൾ എന്നിവ പിടിച്ചുവാങ്ങി. എ.ടി.എം കാർഡ് ഉപയോഗിച്ച് പ്രതികൾ പണം പിൻവലിച്ചതായും പറയുന്നു.
നാസറിനെ കാണാനില്ലെന്ന ജ്യേഷ്ഠൻ ശിഹാബുദ്ദീന്റെ പരാതിപ്രകാരമാണ് കസബ പൊലീസ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങും. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി പി.സി. ഹരിദാസ്, കസബ സി.ഐ എൻ.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനീഷ്, പി.ജി. സദാശിവൻ, എ.എസ്.ഐമാരായ വി. രമേഷ്, സുരേഷ് ബാബു, സീനിയർ സി.പി.ഒ ഉദയപ്രകാശ്, വി. വികാസ്, സി.പി.ഒ മണികണ്ഠ ദാസ്, മുഹമ്മദ് മുആദ്, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.