പറമ്പിക്കുളം കടുവസങ്കേതത്തിൽ 15 പുതിയ ജീവികളുടെ സാന്നിധ്യം
text_fieldsവൈറ്റ് ഡിസ്ക് ഹെഡ്ജ് ബ്ലൂ (ഇരുളൻ വേലിനീലി), റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ
പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 15 പുതിയ ഇനം ജീവികളുടെ സാന്നിധ്യം കണ്ടെത്തി. ഏഴ് ഇനം പക്ഷികൾ, അഞ്ച് ഇനം ചിത്രശലഭങ്ങൾ, മൂന്ന് ഇനം തുമ്പികൾ എന്നിവയാണ് സങ്കേതത്തിൽ പുതുതായി വാസം ആരംഭിച്ചതായി കണ്ടെത്തിയത്. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, സംസ്ഥാന വനം വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്) എന്നിവയുടെ സഹകരണത്തോടെയാണ് സർവേ നടത്തിയത്.
പെയിൻഡ് സ്പർഫൗൾ (പുള്ളി മുള്ളൻ കോഴി), റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ (ചെമ്പൻ എറിയൻ), ഇന്ത്യൻ ഗ്രേ ഹോൺബിൽ (നാട്ടു വേഴാമ്പൽ), വൈറ്റ് ബെല്ലിഡ് ഷോലക്കിളി (ആനമലൈ ഷോലക്കിളി), ടൈഗ ഫ്ലൈകാച്ചർ, പ്ലെയിൻ പ്രിനിയ (വയൽക്കുരുവി), ഗ്രീൻ ലീഫ്വാർബ്ലർ (കടുംപച്ച പൊടിക്കുരുവി) എന്നിവയാണ് പുതിയ പക്ഷിയിനങ്ങൾ. ഇതോടെ സങ്കേതത്തിൽ കാണപ്പെട്ട പക്ഷി ഇനങ്ങളുടെ എണ്ണം 302 ആയി ഉയർന്നു. ലോംഗ് ബ്രാൻഡഡ് ബുഷ്-ബ്രൗൺ (ചിന്നത്തവിടൻ), ഷോട്ട് സിൽവ്ലൈൻ (ചെമ്പൻ വെള്ളിവരയൻ), സ്കാർസ് ഷോട്ട് സിൽവ്ലൈൻ (നീല ചെമ്പൻ വെള്ളിവരയൻ), വൈറ്റ് ഡിസ്ക് ഹെഡ്ജ് ബ്ലൂ (ഇരുളൻ വേലിനീലി), പളനി ഡാർട്ട് (പളനിപ്പൊട്ടൻ) എന്നിവയാണ് പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭ ഇനങ്ങൾ.
ഇതോടെ സങ്കേതത്തിൽ കാണപ്പെട്ട ചിത്രശലഭ ഇങ്ങളുടെ എണ്ണം 273 ആയി ഉയർന്നു. ബ്രൗൺ ഡാർനർ (തവിടൻ ചാത്തൻ), പാരക്കീറ്റ് ഡാർനർ (മരതക ചാത്തൻ), വെസ്റ്റാലിസ് സബ്മൊന്റാന (കാട്ട് തണൽ തുമ്പി) എന്നിവയാണ് തുമ്പി ഇനങ്ങളിലെ പുതിയവ. ഇതോടെ സങ്കേതത്തിൽ കണ്ടെത്തിയ തുമ്പി ഇനങ്ങളുടെ എണ്ണം 69 ആയി.
വരണ്ട സീസണിൽ പോലും 15 പുതിയ ജീവിവർഗത്തെ പുതുതായി കാണപ്പെട്ടത് ഈ പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതായി പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത്ത് പറഞ്ഞു. ടി.എൻ.എച്ച്.എസ് റിസർച് അസോസിയേറ്റുമാരായ ഡോ. കലേഷ് സദാശിവൻ, ടോംസ് അഗസ്റ്റിൻ, കെ. ബൈജു, വി.എം. അനില എന്നിവരുടെ നേതൃത്വത്തിൽ സർവേ ക്രോഡീകരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജെ.കെ. സുധിൻ, പറമ്പിക്കുളം കടുവസങ്കേതത്തിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.
ടി.എൻ.എച്ച്.എസ് അംഗങ്ങളെ കൂടാതെ സ്റ്റിയർ നിലമ്പൂർ, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ (തൃശൂർ), ചരക് കണ്ണൂർ, ബി.എസ്.ബി തൃശൂർ, എം.എൻ.എച്ച്.എസ് കോഴിക്കോട്, സീക്ക് കണ്ണൂർ തുടങ്ങിയ എൻ.ജി.ഒകളും കേരള സർവകലാശാല, അണ്ണാമലൈ സർവകലാശാല, എസ്.എ.സി.ഒ.എൻ എന്നിവിടങ്ങളിൽനിന്നുള്ളവരും സർവേയുമായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

