ഒലവക്കോട്ടെ പ്രിപെയ്ഡ് ഓട്ടോ ബൂത്ത്; മാറ്റി സ്ഥാപിക്കാൻ ഫണ്ടില്ലെന്ന് പൊലീസ്
text_fieldsഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനു മുന്നിലെ പ്രിപെയ്ഡ് ഓട്ടോ ബൂത്ത്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിലെ പ്രിപെയ്ഡ് ഓട്ടോ ബൂത്ത് മാറ്റി സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയെങ്കിലും ഫണ്ടില്ലാത്തത് തടസ്സമാവുന്നു. പ്രിപെയ്ഡ് ബൂത്ത് യാത്രികരുടെ ശ്രദ്ധ പതിയത്തക്കവിധം പ്രവേശന കവാടത്തോട് ചേർന്ന് കൂലി പോർട്ടർമാരുടെ വിശ്രമകേന്ദ്രത്തിന് സമീപം സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതിയിലുയർന്ന പരാതിയെ തുടർന്നാണ് നടപടിയായത്. സമിതി അംഗം ബോബൻ മാട്ടുമന്തയാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, ബൂത്ത് മാറ്റി സ്ഥാപിക്കാൻ ഫണ്ടില്ലെന്നാണ് പൊലീസ് താലൂക്ക് സമിതിയെ അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള പ്രിപെയ്ഡ് ബൂത്ത് യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ സാധിക്കാത്ത ഭാഗത്താണുള്ളത്. ഇതുമൂലം സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ പുറത്തെ ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ട്രെയിൻ യാത്രികർക്ക് നിയമാനുസൃത നിരക്കിൽ ഓട്ടോ യാത്ര ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമാണ് പ്രീപെയ്ഡ് ബൂത്ത്. പൊലീസ് നിയന്ത്രണത്തിലാണ് പ്രവർത്തനം. യാത്രികർ പലർക്കും പ്രത്യകിച്ച് ജില്ലക്ക് പുറത്തുള്ളവർക്ക് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബൂത്തുള്ള വിവരം അറിയില്ലെന്നതാണ് വാസ്തവം.
മറ്റു ജില്ലകളിൽ റെയിൽവേ സ്റ്റേഷന്റെ പൂമുഖത്തിന് മുന്നിലായി ട്രെയിൻ ഇറങ്ങി വരുന്ന ഏതൊരാൾക്കും കാണാവുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, പാലക്കാട് ബൂത്ത് സ്റ്റേഷന്റെ ഇടതുവശത്ത് അധികം ശ്രദ്ധ പതിയാത്ത ഒരിടത്താണ്. മാവ് മരത്തിന്റെ ചില്ലകൾ മറഞ്ഞ് ബൂത്തിന്റെ ബോർഡ് പാതിമറഞ്ഞിരിക്കുകയാണ്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ദിനംപ്രതി വന്നുപോകുന്ന റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഓട്ടോക്കാരുടെ ചൂഷണത്തിന് ഇരയാകുന്നു എന്ന പരാതി ഉയരാറുണ്ട്. ബൂത്ത് മാറ്റി യാത്രക്കാർക്ക് കാണാൻ പറ്റുന്ന രീതിയിൽ സ്ഥാപിച്ചാൽ നിരവധി പേർക്ക് പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

