പാലക്കാട് നഗരത്തിലെ കുളങ്ങൾ ‘കാണാനില്ല’
text_fieldsപാലക്കാട്: വേനലിൽ ജലക്ഷാമം മൂലം വലയുന്ന ജില്ലയിൽ ജലസ്രോതസ്സുകൾ നാമാവശേഷമാകുന്നു. പാലക്കാട് നഗരസഭയിൽ മാത്രം നൂറിലധികം കുളങ്ങളാണ് തരംമാറ്റിയും അല്ലാതെയും നഷ്ടപ്പെട്ടത്. നഗരപരിധിയിൽ 222 കുളങ്ങളുണ്ടായിരുന്നതായി നഗരസഭയുടെ തന്നെ ‘നഗരചരിത്രം’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം ടൗൺ പ്ലാനിങ് വകുപ്പ് കണ്ടെത്തിയത് 112 കുളങ്ങളാണ്.
ഇതിൽ തന്നെ 17 എണ്ണം മാത്രമാണ് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ബാക്കി കുളങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് വിവരമില്ല. ഇവ ഡാറ്റ ബാങ്കിൽ മാർക്ക് ചെയ്യപ്പെട്ടിട്ടില്ല. കുളങ്ങൾ, പാടങ്ങൾ തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ മാർക്ക് ചെയ്യുന്നതിനായി 2008ലെ തണ്ണീർത്തട-നീർത്തട നിയമപ്രകാരമാണ് ഡാറ്റ ബാങ്ക് നിലവിൽവന്നത്.
1957ലെ ഭൂസംരക്ഷണ നിയമം മൂന്ന്, നാല് വകുപ്പ് പ്രകാരം സ്വകാര്യഭൂമിയിൽ പെട്ട കുളങ്ങൾ പോലും പുറമ്പോക്ക് ഭൂമിയായി സർക്കാറിന് കീഴിലാണ് വരിക. ഇവ നികുതി കെട്ടേണ്ടാത്ത ഭൂമിയായാണ് കണക്കാക്കുന്നത്. നികുതി ചുമത്തിയാൽ മാത്രമേ അവ സ്വകാര്യ ഭൂമിയായി കണക്കാക്കി നികത്തുകയോ തരംമാറ്റുകയോ ചെയ്യാനാവൂ.
ഇത്തരം കുളങ്ങൾക്ക് നികുതി സ്വീകരിക്കാമെന്ന് വ്യക്തമാക്കി സർക്കാർ ഇതുവരെ ഉത്തരവുകളോ സർക്കുലറുകളോ പുറത്തിറക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. പൊതുജന സുരക്ഷ, ആരോഗ്യം എന്നിവ മുൻനിർത്തി കേരളത്തിലെ കുളങ്ങളെ കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 208 എ പ്രകാരം നഗരസഭയിലും 1960ലെ കേരള പഞ്ചായത്ത് നിയമം, 1994ലെ കേരള പഞ്ചായത്ത് രാജ് 218ാം വകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിക്ഷിപ്തമാക്കിയിട്ടുണ്ട്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 വകുപ്പ് 11 പ്രകാരം തണ്ണീർത്തടങ്ങൾ പരിവർത്തനപ്പെടുത്താൻ പാടില്ല. 2003ലെ കേരള ജലസേചന-ജല സംരക്ഷണ നിയമം വകുപ്പ് 87 പ്രകാരം സർക്കാർ അനുമതിയില്ലാതെ കുളം രൂപമാറ്റം വരുത്തുന്നത് നിയമ വിരുദ്ധമാണ്. ഇത്രയധികം നിയമങ്ങളുണ്ടായിട്ടും കുളങ്ങൾ അപ്രത്യക്ഷമാകുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. കുളങ്ങൾ നികത്താനോ തരംമാറ്റാനോ നിയമം അനുവദിക്കുന്നില്ലെങ്കിലും നഗരസഭയിൽ നൂറോളം കുളങ്ങളാണ് സർക്കാറിന്റെ കണക്കിൽ ഉൾപ്പെടാതെ പോയത്.
ഈ കുളങ്ങൾ ഇപ്പോഴും ജലാശയങ്ങളായി തന്നെ ഉണ്ടോ അതോ നികത്തി കെട്ടിടങ്ങൾ ഉയർന്നോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഓരോ പഞ്ചായത്തുകളിലും എത്ര കുളങ്ങളുണ്ട് എന്നതിനും വ്യക്തമായ കണക്കില്ല. കാർഷിക ജില്ലയായ പാലക്കാട്ട് വേനലിൽ ജലക്ഷാമം രൂക്ഷമാണ്. കനാൽ വെള്ളം ലഭിക്കാത്ത സാഹചര്യങ്ങളിൽ കുളങ്ങൾ പോലുള്ള ജലാശയങ്ങളാണ് ആശ്രയമെങ്കിലും അവയും നഷ്ടപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

