തൂക്കുഭരണത്തിൽ ഉലഞ്ഞ പഞ്ചായത്തുകൾ പിടിക്കാൻ മുന്നണികൾ
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വെള്ളം കുടിച്ച പഞ്ചായത്തുകൾ തിരികെ പിടിക്കാൻ കച്ചകെട്ടിയിറങ്ങി പ്രധാന മുന്നണികൾ. ഏതു വിധേനയും ഭൂരിപക്ഷം നേടാനുള്ള തത്രപ്പാടിലാണ് എൽ.ഡി.എഫും യു.ഡി.എഫും. കിട്ടിയ സീറ്റ് വിട്ടുകളയാതെ കൂടുതൽ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ജില്ലയിൽ ആകെയുള്ള 88 പഞ്ചായത്തുകളിൽ എട്ടെണ്ണത്തിലാണ് കഴിഞ്ഞതവണ ഏത് കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കു ഭരണത്തിലായത്. നറുക്കെടുപ്പിലൂടെയാണ് ഇവിടങ്ങളിൽ ഭരണസമിതി അധികാരത്തിലെത്തിയത്. കരിമ്പുഴ, കാവശ്ശേരി, കുഴൽമന്ദം, മലമ്പുഴ, മങ്കര, നെന്മാറ, പറളി, കൊപ്പം എന്നീ എട്ടു പഞ്ചായത്തുകളിലാണ് യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം സീറ്റ് നേടിയത്.
തുടർന്ന് നടന്ന നറുക്കെടുപ്പിൽ കരിമ്പുഴ, കുഴൽമന്ദം, നെന്മാറ, മങ്കര പഞ്ചായത്തുകൾ യു.ഡി.എഫ് നേടിയപ്പോൾ കാവശ്ശേരി, മലമ്പുഴ, പറളി, കൊപ്പം പഞ്ചായത്തുകൾ എൽ.ഡി.എഫിന് ലഭിച്ചു. കപ്പൂർ, മാത്തൂർ, പരതൂർ, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഓരോ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. 17 വാർഡുള്ള കാവശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു മുതിർന്ന അംഗത്തിന്റെ വോട്ട് അസാധു ആയി.
വാണിയംകുളം, അമ്പലപ്പാറ, കേരളശ്ശേരി, അകത്തേത്തറ എന്നീ ഗ്രാമപഞ്ചായത്തുകളൽ യു.ഡി.എഫ് ഇല്ല. ഈ നാല് പഞ്ചായത്തിലും ബി.ജെ.പിക്ക് ജനപ്രതിനിധികളുണ്ട്. കൊപ്പം പഞ്ചായത്തിൽ ഒരു സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. സാമൂഹ്യമാധ്യമത്തിലൂടെയും പരമാവധി നേരിട്ടും കണ്ടും വികസന പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തിയും വോട്ടർമാരെ കൈയിലെടുക്കാനുള്ള തിരക്കിലാണ് മുന്നണികൾ. വ്യക്തമായ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തുകളിൽ മുന്നണികളുടെ ലക്ഷ്യം.
മുതലമട പഞ്ചായത്തിൽ അഞ്ചു വർഷത്തിനിടെ മൂന്ന് തവണയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാറിയത്. ആദ്യം എൽ.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്ന ഭരണസമിതിയെ കോൺഗ്രസിന്റെ പിന്തുണയോടെ തോൽപിച്ച് സ്വതന്ത്ര പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. പിന്നീട് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. കോൺഗ്രസിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ അവിശ്വാസം പാസായി.
നിലവിൽ ഇവർ എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിൽ ആദിവാസി വിഭാഗങ്ങളും ഇത്തവണ മത്സരത്തിന് സാധ്യതകളുണ്ട്. മുൻ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചാഞ്ഞതാണ് പെരുങ്ങോട്ടുകുറിശ്ശിയിലെ മത്സരരംഗം കൊഴുപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

