റെയിൽവേ ട്രാക്കിൽ ലഹരി വസ്തുക്കൾ വലിച്ചെറിയൽ പതിവ്; പ്രതികളെ പിടിക്കാനാവാതെ പൊലീസ്
text_fieldsപുതുനഗരം: കൊല്ലങ്കോട് റെയിൽവേ ട്രാക്കിൽ ലഹരി വസ്തുക്കൾ വലിച്ചെറിയുന്ന സംഘത്തെ പിടികൂടാനാവാതെ പൊലീസ്. കഴിഞ്ഞ ആഴ്ച കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന് സമീപം മലയാമ്പള്ളം റോഡിൽ കാരപ്പറമ്പ് റെയിൽവേ ട്രാക്കിനരികിൽ ചാക്കിൽ 12.7 കിലോ കഞ്ചാവ് കൊല്ല ങ്കോട് പൊലീസ് കണ്ടെത്തിയിരുന്നു.
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സമാനരീതിയിൽ ലഹരിവസ്തുക്കൾ ചാക്കുകളിലാക്കി റെയിൽവേ ട്രാക്കിൽ വലിച്ചെറിയുന്നത് തുടർ സംഭവങ്ങളാണെങ്കിലും ഇത്തരം സംഘങ്ങളെ പിടികൂടാൻ റെയിൽവേ പൊലീസിനും കേരള പൊലീസിനും സാധിക്കാത്തത് നാട്ടുകാർക്കിടയിൽ ഭീതി വർധിപ്പിച്ചിരിക്കുന്നു. പാലക്കാട്-പൊള്ളാച്ചി വഴി ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽനിന്ന് വലിച്ചെറിഞ്ഞ കഞ്ചാവാണ് കണ്ടെത്തിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും പാലക്കാട് ജങ്ഷനിൽ കഞ്ചാവ് ഉൾപ്പെടെയുള്ളവ എത്തിച്ച് അവിടെ നിന്ന് മറ്റുള്ള പ്രദേശങ്ങളിലെ ട്രെയിനുകളിൽ ചാക്കുകളിലാക്കി വലിച്ചെറിഞ്ഞ് വിതരണം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. പുതുനഗരത്ത് രണ്ടിലധികം തവണ കഞ്ചാവ് ചാക്കുകളിലാക്കി വലിച്ചെറിഞ്ഞിരുന്നു.
മുതലമടയിലും മീനാക്ഷിപുരത്തും ചാക്കുകെട്ടുകൾ റെയിൽവേ സ്റ്റേഷന് സമീപം വലിച്ചെറിയുന്നതായി നാട്ടുകാർ പറയുന്നു. സിഗ്നൽ പോസ്റ്റുകൾ, സിഗ്നൽ ബോക്സുകൾ എന്നിവക്ക് സമീപത്താണ് ഇത്തരത്തിൽ ലഹരി അടങ്ങിയ ചാക്കുകൾ വലിച്ചെറിയുന്നത്. വലിച്ചെറിയുന്ന പ്രദേശം ജി.പി.എസ് ലൊക്കേഷൻ ഉൾപ്പെടെ അയച്ചുകൊടുത്തതാണ് ലഹരി കച്ചവടക്കാർ വിതരണം സുഗമമാക്കുന്നത്.
എന്നാൽ, ഇത്തരക്കാരെ പിടികൂടാൻ ട്രെയിനിൽ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെയോ റെയിൽവേ സ്റ്റേഷന് സമീപത്ത് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് ലഹരി കടത്തുകാർക്ക് ചാകരയായി മാറിയിരിക്കുകയാണ്.
ഓണമായതോടെ ഇത്തരത്തിലുള്ള പ്രവർത്തനം സജീവമായത് നിയന്ത്രിക്കാൻ ആകാതെ പൊലീസും കുഴങ്ങുകയാണ്. സംസ്ഥാന പൊലീസും റെയിൽവേ പൊലീസും സംയുക്തമായി ശ്രമിച്ചാൽ പിടികൂടാവുന്ന ഇത്തരം ലഹരി സംഘത്തെ സമഗ്രമായി നിരീക്ഷിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം രണ്ടു കിലോമീറ്റർ പരിധിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും സിഗ്നൽ ഉള്ള സ്ഥലത്ത് കാമറ നിരീക്ഷണം ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

