മുഖ്യമന്ത്രിയെ പരാതിയറിയിച്ചു; വിദ്യാർഥികൾക്ക് ഫോണുമായി പൊലീസ് വീട്ടിലെത്തി
text_fieldsഅമൽനാഥിനും അതുൽനാഥിനും മൊബൈൽ ഫോണുമായി പൊലീസ് എത്തിയപ്പോൾ
കൊല്ലങ്കോട്: പഠിക്കാൻ ഫോണില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥികൾക്ക് ഫോണുമായി പൊലീസെത്തി. കൊല്ലങ്കോട് ആനമാറി റോഡിലെ രവീന്ദ്രനാഥ് - ഭാഗ്യവതി ദമ്പതികളുടെ മക്കളായ അമൽനാഥ്, അതുൽനാഥ് എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് മൊബൈൽ ഫോൺ ലഭ്യമാക്കിയത്.
ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളായ ഇരുവർക്കും സംസാരശേഷിയില്ല. വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്ത് അംഗം പി.സി. ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ ഫോണില്ലാത്ത കാര്യം മുഖ്യമന്ത്രിയെത്തന്നെ അറിയിക്കാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടത്. അദ്ദേഹം ഉടൻതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിച്ചു. ഉച്ചക്കു ശേഷം രണ്ട് മൊബൈൽ ഫോണുകളുമായി പാലക്കാട്ടുനിന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി. ഫോൺ വാങ്ങാൻ വഴിയില്ലാത്തതിനാൽ കഴിഞ്ഞ വർഷവും പഠനം അവതാളത്തിലായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.