പ്ലസ്വൺ: സീറ്റ് കിട്ടാതെ നട്ടംതിരിഞ്ഞ് വിദ്യാർഥികൾ; അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിച്ച് തടിതപ്പാൻ സർക്കാർ
text_fieldsപാലക്കാട്: പ്ലസ്വൺ സീറ്റ് ഉറപ്പില്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായി ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ല. നാലായിരത്തിലേറെ സീറ്റുകൾ ജില്ലയിെല അൺ എയ്ഡഡ് വിദ്യാലയങ്ങളിലുണ്ട്. ഇൗ സ്കൂളിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. പാവപ്പെട്ട കുട്ടികൾക്ക് ഇത് താങ്ങാൻ പറ്റാത്തതാണ്. ഇതുമൂലം അൺ എയ്ഡഡ് സ്കൂളുകളിൽ മുൻവർഷങ്ങളിലും സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു.
പ്ലസ്വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽ ജില്ലയിൽ സീറ്റുറപ്പായത് 20,096 പേർക്ക് മാത്രം. പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷിച്ച 43,010 വിദ്യാർഥികളിൽ പകുതിയലധികം പേരും സീറ്റ് കിട്ടാതെ പുറത്താണ്. രണ്ടാം അലോട്ട്മെൻറിലേക്ക് 4249 മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കി.
വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. അൺ എയ്ഡഡിൽ സീറ്റ് കൂട്ടി പ്രശ്നം പരിഹരിച്ചെന്ന് വരുത്താനാണ് സർക്കാർ ശ്രമം. ജില്ലയിൽ 133 സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി ആകെയുള്ളത് 24,150 പ്ലസ്വൺ സീറ്റുകളാണ്.
പരിഹാരം പുതിയ ബാച്ചുകൾ
പാലക്കാട്: 20 ആനുപാതിക സീറ്റ് വർധന ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ ഇതോടെ 60 പേരാണ് ഇരുന്ന് പഠിക്കുന്നത്. സർക്കാർ മേഖലയിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് ഏക പരിഹാരം. കഴിഞ്ഞ വർഷം പ്ലസ്വൺ പ്രവേശനം കിട്ടാതെ പോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണയും അഡ്മിഷൻ കിട്ടാത്ത കുട്ടികൾക്ക് ഒാപൺ സ്കൂളിൽ അഭയം തേടേണ്ടിവരും.

