പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്ട്മെന്റിൽ 27,063 വിദ്യാർഥികൾ
text_fieldsപാലക്കാട്: പ്ലസ് വൺ പ്രവേശനത്തിന് മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 27,063 വിദ്യാർഥികൾക്കാണ് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. മൂന്നാം ഘട്ടത്തിൽ 6187 പേർക്ക് പുതുതായി പ്രവേശനം ലഭിച്ചു.
4909 പേർക്ക് ഹയർ ഓപ്ഷൻ ലഭിച്ചു. ഇനി 324 സീറ്റുകളാണ് ജില്ലയിൽ ബാക്കിയുള്ളത്. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ 45,893 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ട് അലോട്ട്മെന്റുകളിലായി 23,280 വിദ്യാർഥികളാണ് സ്ഥിര പ്രവേശനം നേടിയത്.
ജനറൽ വിഭാഗത്തിൽ 17,422 സീറ്റിലേക്കാണ് അലോട്ട്മെന്റ് വന്നത്. 17,710 സീറ്റുകളാണ് ആകെയുള്ളത്. ഇനി 288 സീറ്റ് ബാക്കിയുണ്ട്. മുസ്ലീം സംവരണ വിഭാഗത്തിൽ ആകെയുള്ള 1351 സീറ്റുകളിലേക്കും അലോട്ട്മെന്റ് വന്നു. ഹിന്ദു ഒ.ബി.സിയിൽ 556 സീറ്റാണ് ഉള്ളത്. മുഴുവൻ സീറ്റിലേക്കും അലോട്ട്മെന്റ് വന്നു. എസ്.സി വിഭാഗത്തിൽ 4556 സീറ്റാണ് ആകെയുള്ളത്. ഇതിൽ 4535 സീറ്റിലേക്കാണ് അലോട്ട്മെന്റ് വന്നത്. ഇനി 21 സീറ്റ് ബാക്കിയുണ്ട്.
എസ്.ടി വിഭാഗത്തിൽ 252ൽ 249 സീറ്റിലേക്കും അലോട്ട്മെന്റായതോടെ ഇനി മൂന്ന് സീറ്റ് മാത്രമാണ് ബാക്കിയുള്ളത്. ഭിന്നശേഷി വിഭാഗത്തിൽ ആകെയുള്ള 218 സീറ്റിലേക്കും അലോട്ട്മെന്റായി. സ്പോർട്സ് ക്വാട്ടയിൽ 702 സീറ്റാണുള്ളത്. 512 എണ്ണത്തിലേക്ക് അലോട്ട്മെന്റായി. ഇനി 190 സീറ്റുണ്ട്. എം.ആർ.എസ് സ്കൂളുകളിൽ 1886 അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെ ലഭിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 267 സീറ്റുള്ളതിൽ 203ലേക്കും അലോട്ട്മെന്റ് വന്നു. ഇനി 64 സീറ്റ് ബാക്കിയുണ്ട്.
ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മൂന്നാമത്തേതിൽ ഉയർന്ന അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. ഈ വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതുതായി അപേക്ഷ നൽകാം. ബുധനാഴ്ചയാണ് ക്ലാസുകൾ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

