പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ; ജില്ലയിൽ 12,681 പേർക്ക് പ്രവേശനം; രണ്ട് അലോട്ട്മെന്റുകളിലുമായി സ്ഥിരപ്രവേശനം നേടിയത് ആകെ 23,280 വിദ്യാർഥികൾ
text_fieldsപാലക്കാട്: പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്റിൽ പ്രവേശനം പൂർത്തിയായി. ജില്ലയിൽ 12,681 വിദ്യാർഥികൾ മെറിറ്റ് സീറ്റിൽ സ്ഥിര പ്രവേശനം നേടി. 8195 പേർ താൽക്കാലിക പ്രവേശനവും നേടി. ഇതോടെ രണ്ട് അലോട്ട്മെന്റുകളിലുമായി ആകെ 23,280 വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. ജില്ലയിലാകെ 27,454 സീറ്റുകളാണുള്ളത്. ഇത് കൂടാതെ മാനേജ്മെന്റ് സീറ്റുകളുമുണ്ട്. മറ്റ് ജില്ലകളിൽനിന്നുൾപ്പെടെ ആകെ 45,893 വിദ്യാർഥികളാണ് ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. രണ്ടാം അലോട്ട്മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ച 9671 പേർ പ്രവേശനം നേടി.
1204 പേർ പ്രവേശനം നേടിയില്ല. 35 പേരുടെ പ്രവേശനം നിഷേധിച്ചു. സ്പോർട്സ് ക്വാട്ടയിൽ 216 പേരാണ് സ്ഥിരം പ്രവേശനം നേടിയത്. 228 പേർ താൽക്കാലികമായി പ്രവേശനം നേടിയപ്പോൾ 155 പേർ അഡ്മിഷന് എത്തിയില്ല.
എം.ആർ.എസ് സ്കൂളുകളിൽ 186 പേർ സ്ഥിരമായി പ്രവേശനം നേടി. 12 പേർ ഹാജരായില്ല. ഒമ്പത് വിദ്യാർഥികൾ താൽക്കാലിക പ്രവേശനം നേടി. 296 വിദ്യാർഥികളാണ് സംവരണ സീറ്റുകളിൽ അഡ്മിഷനെടുത്തത്.
മാനേജ്മെന്റ് ക്വാട്ടയിൽ 114 പേരും അൺഎയ്ഡഡിൽ 170 പേരും പ്രവേശനം നേടി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് ജനറൽ സീറ്റുകളിൽ പ്രവേശനം. മൂന്നാം ഘട്ട അലോട്ട്മെന്റ് തിങ്കളാഴ്ച വരും. അൺഎയ്ഡഡ് സ്കൂളുകളിൽ 7500 ഓളം മാനേജ്മെന്റ് സീറ്റുകളാണുള്ളത്. അപേക്ഷകളുടെയും ആകെയുള്ള സീറ്റുകളുടെയും എണ്ണം കണക്കാക്കുമ്പോൾ മൂന്നാം അലോട്ട്മെന്റിന് ശേഷവും ആയിരത്തിലധികം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

