പൈപ്പ് മാറ്റിസ്ഥാപിക്കൽ പൂർത്തിയായില്ല; പെരുന്നാൾ ദിനത്തിലും കുടിവെള്ളമെത്തിയില്ല
text_fieldsമീറ്റ്നയിലെ റെയിൽവേ പാളത്തിന് അടിയിലുള്ള പൈപ്പ്
മാറ്റിസ്ഥാപിക്കലിന്റെ ഭാഗമായി നടക്കുന്ന നിർമാണം
ഒറ്റപ്പാലം: അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലും പ്രഖ്യാപനമനുസരിച്ച് പെരുന്നാൾ ദിനത്തിൽ കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റിക്കായില്ല. അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം നഗരസഭ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മെയിൻ മാറ്റിസ്ഥാപിക്കലാണ് ജല അതോറിറ്റിയുടെയും നഗരസഭ അധികൃതരുടെയും ഉറപ്പനുസരിച്ച് വ്യാഴാഴ്ചയും പൂർത്തീകരിക്കാനാവാതിരുന്നത്.
ഇവിടങ്ങളിലേക്കുള്ള ജലവിതരണം അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ച് ഞായറാഴ്ചയാണ് പ്രവൃത്തി ആരംഭിച്ചത്. ഇത്രയും ദിവസത്തേക്ക് ജലലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നത് കാരണം പ്രവൃത്തികൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. പെരുന്നാൾ ദിവസം കൂടി കുടിവെള്ളം ലഭിക്കാത്തതിലുള്ള ആശങ്കയാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്.
പ്രവൃത്തി പൂർത്തിയാക്കി പെരുന്നാൾ ദിനമായ വ്യാഴാഴ്ച ശുദ്ധജല വിതരണം സാധ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനമാണ് നടക്കാതെ പോയത്. ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളം ശേഖരിച്ചാണ് പലരും ദിവസങ്ങൾ തള്ളിനീക്കിയത്. മീറ്റ്നയിലെ തടയണ പരിസരത്ത് റെയിൽവേ ട്രാക്കിന് അടിയിലൂടെ നിക്ഷേപിച്ചിരുന്ന ജലവിതരണ കുഴലുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് ജലവിതരണം നിർത്തിവെച്ചത്
. പമ്പിങ് ലൈനിന്റെ റെയിൽവേ ക്രോസിങ്ങിൽ ചോർച്ച അനുഭവപ്പട്ടതാണ് അടിയന്തരമായി പൈപ്പ് മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഒരുക്കിയത്. പമ്പിങ് ലൈനിന്റെ റെയിൽവേ ക്രോസിങ്ങിൽ കണ്ടെത്തിയ ജല ചോർച്ച പരിഹരിക്കാൻ 50ഓളം മീറ്റർ റെയിൽവേ ലൈനിന് അടിയിലുള്ള 500 മില്ലി മീറ്റർ പൈപ്പുകൾ പുറത്തെടുത്ത് മാറ്റിസ്ഥാപിക്കേണ്ടിയിരുന്നു.ഇത് ഏറെ സങ്കീർണത നിറഞ്ഞതായതിനാലാണ് ഉദ്ദേശിച്ച പോലെ നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

