പൈപ്പ് പൊട്ടി റോഡിൽ ചെളിവെള്ളം പരന്നൊഴുകി
text_fieldsകയറമ്പാറയിൽ പൈപ്പ് പൊട്ടി റോഡിൽ ചെളിവെള്ളം പരന്നൊഴുകുന്നു
ഒറ്റപ്പാലം: കയറമ്പാറയിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി പാലക്കാട്-കുളപ്പുള്ളി പാതയിൽ ചെളിവെള്ളം പരന്നൊഴുകി. ഇതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. മീറ്റ്നയിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് ഈസ്റ്റ് ഒറ്റപ്പാലം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
അമിതമായി വെള്ളം ഒഴുകിയെത്തിയതോടെ ജല അതോറിറ്റി അധികൃതർ ജലവിതരണം നിർത്തിവെച്ചു. എന്നിട്ടും വിതരണ കുഴലുകളിലുണ്ടായിരുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നത് ഉച്ചവരെ തുടർന്നു.
കയറമ്പാറ സെന്ററിൽ രൂപപ്പെട്ട വെള്ളക്കെട്ട് നിറഞ്ഞൊഴുകി ഒറ്റപ്പാലം-പാലക്കാട് റോഡിൽ പരന്നൊഴുകി. തുടർന്ന് വാഹനങ്ങൾ വേഗത കുറച്ചാണ് ഇതുവഴി സഞ്ചരിച്ചത്. പമ്പിങ് തുടങ്ങിയ വേളയിലുണ്ടായ മർദ്ദം കാരണമാണ് പൈപ്പ് പൊട്ടാനിടയായതെന്നും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജലഅതോറിറ്റി അധികൃതർ അറിയിച്ചു.

