ഫാർമസി നിയമങ്ങൾ കടലാസിൽ; പരിശോധന സംവിധാനമില്ല
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: ഫാർമസി നിയമം നിലവിൽ വന്ന് 75 വർഷം പിന്നിട്ടെങ്കിലും പരിശോധിക്കാൻ ഫലപ്രദ സംവിധാനമില്ല. നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഫാർമസി കൗൺസിലുകളാണ്.
എന്നാൽ, പരിശോധന സംവിധാനമൊരുക്കാൻ കൗൺസിലുകൾക്കായിട്ടില്ല. നേരത്തേ കേരളം ഉൾപ്പെടെ ചുരുങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ട്ടൈം ഇൻസ്പെക്ടർമാരെ നിയമിച്ചിരുന്നു. കേരളത്തിൽ ജില്ലയിൽ ഒന്ന് എന്ന കണക്കിൽ പാർട്ട്ടൈം ഇൻസ്പെക്ടർമാരെ നിയമിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ, മിക്ക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 1948ലെ ഫാർമസി നിയമമനുസരിച്ച് മരുന്ന് എടുത്തുകൊടുക്കേണ്ടത് രജിസ്ട്രേഡ് ഫാർമസിസ്റ്റുകളാണ്. അല്ലാത്തവർ മരുന്ന് നൽകിയാൽ ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. 2023ൽ പാർലമെന്റ് ഇതിൽ ഭേദഗതി വരുത്തുകയും പിഴ രണ്ടു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ഇന്ന് മരുന്ന് എടുത്തുകൊടുക്കുന്നവരിൽ 80 ശതമാനവും യോഗ്യതയില്ലാത്തവരായിട്ടും നടപടിയുണ്ടാകുന്നില്ല.
സർക്കാർ മേഖലയിലെ ഫാർമസിസ്റ്റുകൾ നേരിടുന്ന മുഖ്യപ്രശ്നമാണ് തസ്തികകൾ അനുവദിക്കാത്തതിനാലുള്ള ജോലിഭാരം. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെ 1961ലെ സ്റ്റാഫ് പാറ്റേണാണ് തുടരുന്നത്. 500ലധികം രോഗികൾക്കുവരെ ഒരു ഫാർമസിസ്റ്റ് മരുന്ന് നൽകേണ്ടിവരുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകൾക്ക് ഉച്ചഭക്ഷണ ഇടവേളപോലുമില്ല. ശുചിമുറിയിൽ പോകാൻപോലും സമയം ലഭിക്കുന്നില്ലെന്നാണ് വനിത ഫാർമസിസ്റ്റുകളുടെ പരാതി. സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നൽകാൻ ഉടമകൾ തയാറാകുന്നില്ല. പലയിടത്തും ലൈസൻസിനായി ഒരാളെ നിയമിച്ച്, ബാക്കി കുറഞ്ഞ വേതനത്തിന് യോഗ്യത നേടാത്ത ജീവനക്കാരെ വെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

