സർക്കാർ കൈത്താങ്ങ് കാത്ത് പെരുവെമ്പിലെ നെയ്ത്തുഗ്രാമം
text_fieldsപെരുവെമ്പിലെ ‘ഊടും പാവും’ കൈത്തറി വസ്ത്ര നെയ്ത്തുകേന്ദ്രത്തിൽ േജാലിയിലേർപ്പെട്ട ജീവനക്കാർ
പെരുവെമ്പ്: പൈതൃകഗ്രാമമായ പെരുവെമ്പിലെ വനിതകൾ ജീവിതം നെയ്തെടുക്കുന്ന ‘ഊടും പാവും’ കൈത്തറി കൂട്ടായ്മ സർക്കാർ പിന്തുണ തേടുന്നു. പൈതൃകഗ്രാമം പദ്ധതിയുടെ ഭാഗമായി 2019 ആഗസ്റ്റിലാണ് 28 വനിതകളുമായി ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്. മുമ്പ് 30 അംഗങ്ങൾക്ക് സർക്കാർ കൈത്തറി വസ്ത്രനിർമാണത്തിൽ പരിശീലനം നൽകിയിരുന്നെങ്കിലും ഓർഡറുകളുടെ കുറവ് കാരണം അംഗങ്ങളുടെ എണ്ണം 22 ആയി ചുരുങ്ങി.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചാണ് ഈ വീട്ടമ്മമാർ മുണ്ടുകൾ, ഡബിൾ മുണ്ടുകൾ, സാരികൾ തുടങ്ങിയ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നെയ്തെടുക്കുന്നതെന്ന് ‘ഊടും പാവും’ സെക്രട്ടറി എൻ. മഹേഷ് കുമാർ പറഞ്ഞു. എങ്കിലും നിലവിൽ ചില പ്രധാന പ്രതിസന്ധികളെ ഇവർ നേരിടുകയാണ്. ഓണക്കാലത്ത് വിവിധ ടൗണുകളിൽ പ്രദർശന-വിൽപന സ്റ്റാളുകൾ ഒരുക്കാൻ മുൻകാലങ്ങളിൽ സർക്കാർ സഹായം ലഭിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകാത്തത് കനത്ത തിരിച്ചടിയായി.
കാലത്തിനനുസരിച്ച് പുതിയ ഡിസൈനുകളിൽ വസ്ത്രങ്ങൾ നിർമിക്കുന്നുണ്ടെങ്കിലും പെരുവെമ്പ് ജങ്ഷനിലും പാലക്കാട് നഗരത്തിലും സ്ഥിരമായി ഒരു വിൽപനകേന്ദ്രം സ്ഥാപിക്കാൻ സർക്കാർ സഹായം അത്യാവശ്യമാണെന്ന് ഇവർ പറയുന്നു. കൈത്തറി വസ്ത്രങ്ങൾ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുകയും സർക്കാറിൽനിന്നുള്ള വിപണന പിന്തുണ ലഭിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം കൂട്ടായ്മകൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കൂ എന്ന് ‘ഊടും പാവും’ പ്രവർത്തകർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

