മംഗലം ഡാം മേഖലയിൽ കടുവ ജനം ഭീതിയിൽ
text_fieldsമംഗലംഡാം: ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ മംഗലംഡാം അട്ടവാടി, സി.വി.എം കുന്ന് ഭാഗങ്ങളിലെ ജനം ഭീതിയിൽ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെ സി.വി.എം കുന്ന് സ്വദേശി ചരപ്പറമ്പ് രവീന്ദ്രന്റെ വീടിനു സമീപമെത്തിയ കടുവയുടെ മുന്നിൽ നിന്നും അദ്ദേഹത്തിന്റെ മകൻ രാഹുലും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മുറ്റത്തുണ്ടായിരുന്ന അഞ്ചുവയസ്സുകാരൻ ഉൾപ്പെടെയുള്ളവർ കടുവയെ കണ്ട് ഉടൻ വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാൽ ദുരന്തം ഒഴിവായി. പശുത്തൊഴുത്ത് ലക്ഷ്യമാക്കിയാകാം കടുവ എത്തിയതെന്നാണ് കരുതുന്നത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം ആദ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. നാല് ദിവസം മുൻപ് രാവിലെ ആറരയോടെ കുട്ടിക്കടുവ തോട്ടിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ ആഴ്ച അട്ടവാടിയിൽ റബർ തോട്ടത്തിൽ ജോലിക്ക് പോയ യുവാക്കളും കടുവയുടെ മുന്നിൽപ്പെട്ടിരുന്നു. ഡാം പരിസരത്തെ ചതുപ്പ് ഭാഗങ്ങളിൽ കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് വൈകിപ്പിക്കുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തരമായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് വാർഡ് മെംബർ ഷാജു ആന്റണി, കിഫ കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി, കത്തോലിക്കാ കോൺഗ്രസ് ഓടംതോട് ഇടവക കമ്മിറ്റി പ്രതിനിധികൾ എന്നിവർ ആവശ്യപ്പെട്ടു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

