മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണം -ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsഇ-ഗ്രാന്റ് നൽകാതെ ആദിവാസി വിദ്യാർഥികളെ വഞ്ചിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അട്ടപ്പാടി അഗളി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച 'ജനകീയ വിചാരണ' സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: സംസ്ഥാനത്ത് രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന പിന്നോക്ക വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. ഇ ഗ്രാന്റുകൾ കാലോചിതമായി വർധിപ്പിക്കണമെന്നും ഗവേഷക വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ പ്രതിമാസം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ-ഗ്രാന്റുകൾ നൽകാതെ ആദിവാസി വിദ്യാർഥികളെ വഞ്ചിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അട്ടപ്പാടി അഗളി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച 'ജനകീയ വിചാരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു.
ആദ്യ വർഷത്തെ ഇ-ഗ്രാന്റിന് അപേക്ഷിച്ച് രണ്ടാമത്തെ വർഷം അവസാനമായിട്ടും തുക ലഭിക്കാത്ത അട്ടപ്പാടി ആർ.ജി.എം ഗവ. കോളജിലെ വിദ്യാർഥികൾ പ്രതിഷേധത്തിൽ അണിനിരന്നു. വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു തരൂർ മുഖ്യപ്രഭാഷണം നടത്തി. ആറ് മാസമായി ക്ഷേമ പെൻഷൻ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷി വിദ്യാർഥികളെ പ്രതിനിധീകരിച്ച് ഷഹിൻ ഷാ പാലക്കാട് സംസാരിച്ചു. അലവിക്കുട്ടി, അബൂബക്കർ അട്ടപ്പാടി, ഷഹല എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അസ്ന സ്വാഗതവും ജില്ല സെക്രട്ടറിയേറ്റംഗം റസീന നന്ദിയും പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, സംസ്ഥാന കാമ്പസ് അസി. സെക്രട്ടറി ആഷിഖ് ടി.എം, അട്ടപ്പാടി കുലുക്കൂർ യൂനിറ്റ് പ്രസിഡന്റ് വിഷ്ണു എസ്.കെ, നൗഷാദ് മണ്ണൂർ, റംല, ആസിം, മീനാക്ഷി, ജ്യോതി, ഇഹ്സാൻ,ജാലിബ് ഹനാൻ, അമീൻ എന്നിവർ നേതൃത്വം നൽകി. ഫ്രറ്റേണിറ്റി നേതാക്കളും വിദ്യാർത്ഥികളും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറെ കണ്ട് ഇ ഗ്രാന്റ് ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

