നിള-ഐ.പി.ടി റോഡ് നവീകരണം; കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി
text_fieldsപട്ടാമ്പി: നിള-ഐ.പി.ടി റോഡ് നവീകരണത്തിന്റെ ഭാഗമായി ഓങ്ങല്ലൂർ സെന്ററിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി. പൊതുസ്ഥലത്തേക്ക് ഇറക്കിക്കെട്ടിയ കെട്ടിട ഭാഗങ്ങളും മറ്റു തരത്തിലുള്ള നിർമാണവുമാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. നിയമാനുസൃതം നോട്ടീസ് നൽകിയാണ് നടപടി ആരംഭിച്ചത്. വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ടെന്നും സർവേ നടത്തി കണ്ടെത്തിയത് തിരിച്ചുപിടിക്കാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിരുന്നെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും തഹസിൽദാർ ടി.പി. കിഷോർ പറഞ്ഞു. സ്വമേധയാ ഒഴിയാൻ തയാറാകാതിരുന്ന കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
കെട്ടിട ഭാഗങ്ങൾ പൊളിക്കാൻ കച്ചവടക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ പൊളിച്ചില്ലെങ്കിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റുമെന്നും തഹസിൽദാർ അറിയിച്ചു. മഞ്ഞളുങ്ങൽ, പട്ടാമ്പി എന്നിവിടങ്ങളിലും പൊതുസ്ഥലം കൈയേറിയത് തിരിച്ചു പിടിക്കും. ഓങ്ങല്ലൂർ മുതൽ പട്ടാമ്പി വരെ റോഡ് നിർമാണം പുരോഗതിയിലാണ്. തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്ക് തുടക്കമിട്ടത്.

