പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക്; സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി
text_fieldsമേലെ പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക്
പട്ടാമ്പി: മേലെ പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. പെരിന്തൽമണ്ണ-പട്ടാമ്പി, വളാഞ്ചേരി-പട്ടാമ്പി റൂട്ടുകളിൽ ഓടുന്ന ബസുകളാണ് തിങ്കളാഴ്ച ഉച്ച മുതൽ ഓട്ടം നിർത്തിയത്. മേലെ പട്ടാമ്പിയിൽ റോഡിൽ കട്ട വിരിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതം ഒറ്റ വരിയായി നിയന്ത്രിച്ചിരിക്കുകയാണ്.
മിനിറ്റുകളുടെ ഇടവേളയിൽ ഓടുന്ന സ്വകാര്യ ബസുകൾക്ക് ഈ നിയന്ത്രണം മൂലം സമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്ന് ഉടമകൾ പറയുന്നു.
ഇതിന് പരിഹാരമായി വലിയ ചരക്ക് വാഹനങ്ങൾ ശങ്കരമംഗലത്തുനിന്ന് കരിമ്പുള്ളി വഴിയും ചെറിയ വാഹനങ്ങൾ മേലെ പട്ടാമ്പി ഫിഷ് മാർക്കറ്റിന് അടുത്തുള്ള ബൈപാസ് വഴിയും തിരിച്ചു വിടണമെന്ന നിർദേശവും ഇവർ മുന്നോട്ട് വെച്ചിരുന്നു.
മോട്ടോർ വാഹന വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും പൊലീസിനെയും ദിവസങ്ങൾക്ക് മുമ്പ് വിവരമറിയിച്ചിട്ടും ഒരു നടപടിയും ഇല്ലാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്നും ബസ് ഉടമകൾ പറഞ്ഞു. പരിഹാരം കണ്ടില്ലെങ്കിൽ സർവിസ് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പരാതിയുണ്ട്.
ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകളും ദീർഘദൂര ബസുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമാവുന്നില്ല. ഏറെ പേർ യാത്ര ചെയ്യുന്ന റൂട്ടുകളാണ് പെരിന്തൽമണ്ണ- പട്ടാമ്പി, വളാഞ്ചേരി- പട്ടാമ്പി എന്നിവ. സമരം കാരണം സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

