മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു; ദുരിതത്തിലായത് മുപ്പതോളം കുടുംബങ്ങൾ
text_fieldsമുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ നഗരസഭ സെക്രട്ടറിയുടെ ചേംബറിൽ
പ്രതിഷേധിക്കുന്നു
പട്ടാമ്പി: മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് പരാതി. മുപ്പതോളം കുടുംബങ്ങളെയും കിഴായൂർ ഹെൽത്ത് സെൻററിലെത്തുന്ന കുട്ടികളും ഗർഭിണികളുമുൾപ്പെടെ രോഗികളെയുമാണ് കെ.എസ്.ഇ.ബി ദുരിതത്തിലാഴ്ത്തിയത്. പട്ടാമ്പി നഗരസഭയിലെ കീഴായൂർ ഹെൽത്ത് സെൻററിലേക്കുള്ള റോഡാണ് സബ് സ്റ്റേഷനിലേക്കുള്ള കേബ്ൾ പ്രവൃത്തിക്കായി പൊളിച്ചത്.
റോഡരികിലൂടെ ചാലു കീറുകയല്ല, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിന് നടുവിലൂടെ കിടങ്ങ് പോലെ കുഴിയെടുക്കുകയാണ് ചെയ്തതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം വന്ന് റോഡ് മാന്താൻ തുടങ്ങിയപ്പോഴാണ് പ്രദേശവാസികൾ വിവരമറിയുന്നത്. റോഡിനു കുറുകെയുള്ള കുടിവെള്ള കണക്ഷൻ പൈപ്പുകൾ മുഴുവൻ പൊട്ടിയതിനാൽ സമീപത്തെ വീടുകളിലേക്കുള്ള കുടിവെള്ളവും മുടങ്ങി.
റോഡ് പൊളിക്കുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്നും മഴ പെയ്ത് റോഡിലെ ചളിമണ്ണും വെള്ളവും മുറ്റത്തേക്ക് ഒലിച്ചിറങ്ങുന്നതായും പ്രദേശ വാസികൾ പരാതിപ്പെടുന്നു. നഗരസഭയുടെ അനുമതി ഇല്ലാതെയും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാതെയും ഗതാഗതം മുടക്കിയ കെ.എസ്.ഇ.ബിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നും പൊളിച്ചിട്ട റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് പട്ടാമ്പി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയുടെ ചേംബറിലെത്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി. കൃഷ്ണദാസ്, എ.കെ. അക്ബർ, വാഹിദ് കാര്യാട്ട്, ഹനീഫ മാനു, വാഹിദ് കൽപക, മൻസൂർ കുന്നത്തേതിൽ, കെ. റഫീഖ്, വിജീഷ്, ടി.പി. അലി, ടി.പി. മുനീർ, യു.വി. ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.