അടിച്ചുപൊളിക്കാനില്ല, വാക്സിൻ ചലഞ്ചിൽ വിദ്യാർഥി സംഘം
text_fieldsവാക്സിൻ ചലഞ്ചിലേക്കുള്ള വിദ്യാർഥികളുടെ സംഭാവന നിയുക്ത എം.എൽ.എ മുഹമ്മദ് മുഹ്സിന് കൈമാറുന്നു
പട്ടാമ്പി: പത്താം ക്ലാസും പ്ലസ് ടുവുമൊക്കെ കഴിഞ്ഞുള്ള വേർപിരിയൽ ആഘോഷമാക്കുന്നത് വിദ്യാർഥികൾക്കൊരു ഹരമാണ്. യൂനിഫോമും ഭക്ഷണവുമൊക്കെയായി പരമാവധി അവസാന ദിനം വർണശബളമാക്കാൻ വിദ്യാർഥികൾ മത്സരമാണ്. എന്നാൽ, ആഘോഷിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് വിളയൂർ എടപ്പലം പി.ടി.എം യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരായ വിദ്യാർഥികൾ.
കോവിഡ് പശ്ചാത്തലത്തിൽ പരിപാടി ഉപേക്ഷിച്ചപ്പോൾ പിരിച്ച പണം എന്തു ചെയ്യണമെന്നായി ആലോചന. ചിലരൊക്കെ തിരിച്ചുവാങ്ങി. അപ്പോഴാണ് ജുമാൻ ടി.എൻ. പുരം, റിയാൻ കൈപ്പുറം, മുനീഫ് എടപ്പലം എന്നിവർ പുതിയ ആശയം മുന്നോട്ടുവെച്ചത്. മറ്റു കുട്ടികൾക്കും നിർദേശം സ്വീകാര്യമായപ്പോൾ 51,000 രൂപ ഒരു മഹാമാരിയുടെ പ്രതിരോധത്തിന് പൊരുതുന്ന സർക്കാറിന് കരുത്തായി.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സംഭാവനയായി തുകയുടെ ചെക്ക് നിയുക്ത എം.എൽ.എ മുഹമ്മദ് മുഹ്സിന് കുട്ടികൾ കൈമാറി. സത്പ്രവൃത്തിക്ക് മുൻകൈ എടുത്ത മൂന്ന് കുട്ടികളെയും അഭിനന്ദിച്ച മുഹമ്മദ് മുഹ്സിൻ പ്രവൃത്തി മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.