തിരുവേഗപ്പുറ-മുതുതല-പരുതൂർ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
text_fieldsപ്രവൃത്തി പുരോഗമിക്കുന്ന തിരുവേഗപ്പുറ-മുതുതല-പരുതൂർ സമഗ്ര കുടിവെള്ള പദ്ധതി
പട്ടാമ്പി: പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നു. തിരുവേഗപ്പുറ, മുതുതല, പരുതൂർ പഞ്ചായത്തുകൾ ഗുണഭോക്താക്കളായ തിരുവേഗപ്പുറ - മുതുതല - പരുതൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാമ്പ്രയിൽ 16 എം.എൽ.ഡി ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും 47 ലക്ഷം ലിറ്റർ ജലസംഭരണിയും പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ പ്രദേശത്ത് പമ്പ്ഹൗസും പമ്പിങ് മെയിൻ, ക്ലിയർ വാട്ടർ മെയിൻ, പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമർ എന്നിവയും ഒരുക്കും.
മുതുതല പഞ്ചായത്തിൽ 118 കിലോമീറ്ററും പരുതൂരിൽ 115 കിലോമീറ്ററും തിരുവേഗപ്പുറയിൽ 123 കിലോമീറ്ററും വിതരണ ശൃംഖലയാണ് ഉണ്ടാവുക. മൂന്ന് പഞ്ചായത്തുകളിലെയും എല്ലാ വീടുകളിലുമായി 13,592 കുടിവെള്ള കണക്ഷനുകൾ ഉണ്ടാകും. പദ്ധതി പുരോഗതി തൃപ്തികരമാണെന്ന് സ്ഥലം സന്ദർശിച്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.