രായിരനെല്ലൂരിൽ ഭക്തപ്പെരുമഴ; നാറാണത്ത് ഭ്രാന്തൻ സ്മൃതിയിൽ മലകയറിയത് ആയിരങ്ങൾ
text_fieldsരായിരനെല്ലൂർ മലകയറിയ ഭക്തർ നാറാണത്ത് ഭ്രാന്തൻ ശിൽപം വലംവെക്കുന്നു
പട്ടാമ്പി: ഒരാണ്ടിന്റെ കാത്തിരിപ്പിനറുതി, രായിരനെല്ലൂർ മലയിൽ ഭക്തസഹസ്രങ്ങൾക്ക് സായുജ്യം. നാറാണത്ത് ഭ്രാന്തന്റെ ദുർഗാദേവീദർശന സ്മൃതിയിൽ മലയിലേക്കൊഴുകിയെത്തിയത് ആയിരങ്ങൾ. തലേന്ന് തകർത്തുപെയ്ത തുലാവർഷത്തെ അനുസ്മരിപ്പിക്കുംപോലെയായിരുന്നു മലയിലെ ഭക്തപ്പെയ്ത്ത്. പുലർച്ചെ മുതൽ അഞ്ഞൂറടി ചെങ്കുത്തായ മലയിലേക്ക് സാഹസികമായി ഭക്തരുടെ പ്രയാണമാരംഭിച്ചു. കൊപ്പം-വളാഞ്ചേരി പാതയിൽ ഒന്നാന്തിപ്പടിയിൽനിന്നും നടുവട്ടത്തുനിന്നും ഒരേ സമയം ആബാലവൃദ്ധം ജനങ്ങൾ മലയിലേക്കൊഴുകുകയായിരുന്നു.
തെക്ക് ഒന്നാന്തിപ്പടിയിൽനിന്ന് ചരിഞ്ഞ മലമ്പാതയിലൂടെയുള്ള മലകയറ്റം കഠിനമായിരുന്നു. പടിഞ്ഞാറ് നടുവട്ടത്തുനിന്നാണ് കൂടുതലാളുകളും മല കയറിയത്. അടിവാരത്തു നാരായണമംഗലത്ത് ഭട്ടതിരിമാരുടെ വീട് മുതൽ മുകൾ വരെ കരിങ്കല്ലു പതിച്ച പടികളുള്ളതിനാൽ ഈ വഴിയിൽ ഏറെ തിരക്കനുഭവപ്പെട്ടു.
നാരായണമന്ത്രം ജപിച്ച് എല്ലാ മനസ്സും ഒരേ ലക്ഷ്യംവെച്ചപ്പോൾ ഉച്ചവരെ നിലക്കാത്ത പ്രവാഹമായിരുന്നു. മലമുകളിലെ ദുർഗാക്ഷേത്രത്തിൽ ദർശനം നടത്താനുള്ള കാത്തുനിൽപ് മണിക്കൂറുകൾ നീണ്ടു. നാലു വരികളിലായി നിന്നിട്ടും തെക്ക് നാറാണത്ത് ഭ്രാന്തൻ ശിൽപം വരെ വരി നീണ്ടു. നിയന്ത്രണം അസാധ്യമായപ്പോൾ തെക്കുനിന്നുള്ള മലകയറ്റം പൊലീസിന് പല തവണ തടയേണ്ടിവന്നു.
ക്ഷേത്രത്തിൽ കരിമ്പാറയിൽ ദുർഗാദേവിയുടെ പാദം പതിഞ്ഞുണ്ടായ കുഴിയിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. ദർശന ശേഷം നാറാണത്ത് ഭ്രാന്തന്റെ ശിൽപം വലം വെച്ചും പ്രാർഥിച്ചും ദക്ഷിണയിട്ടുമാണ് മലയിറങ്ങിയത്. മലമുകളിൽ അന്നദാനവും വൈദ്യസഹായവും ഏർപ്പെടുത്തിയിരുന്നു.
വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിയ നാറാണത്ത് ഭ്രാന്തൻ രായിരനെല്ലൂർ മലയിലേക്ക് വലിയ കല്ലുകൾ ഉരുട്ടിക്കയറ്റിയിരുന്നെന്നും അങ്ങനെയൊരിക്കൽ മുകളിലെത്തിയപ്പോൾ അരയാലിൻ പൊന്നൂഞ്ഞാലിൽ ആടുന്ന ദുർഗാദേവിയെ കണ്ടെന്നും ഭ്രാന്തനെ കണ്ടു ഭയന്ന് ദേവി താഴെയിറങ്ങി പാറയിൽ ഏഴടി നടന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയെന്നുമാണ് ഐതിഹ്യം. പാദം പതിഞ്ഞ കുഴിയിൽ ഇലയും പൂവും കനിയും വെച്ച് പൂജിച്ച് ഭ്രാന്തൻ പ്രസാദം കഴിച്ചു. വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാരാണ് മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നത്.
നാരായണമംഗലത്ത് ആമയൂർ മന മധു ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റാണ് മല സംരക്ഷിച്ചുവരുന്നത്. താഴെ ദുർഗാക്ഷേത്രത്തിലും പ്രത്യേക പൂജകളുണ്ടായിരുന്നു. മലയിറങ്ങിയ ഭക്തർ ഇവിടെയും ദർശനം നടത്തി വഴിപാട് കഴിച്ചാണ് മടങ്ങിയത്. രായിരനെല്ലൂർ മലയുടെ ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ശനിയാഴ്ചയായിരുന്നു.
നാറാണത്ത് ഭ്രാന്തൻ ഇവിടെ തപസ്സ് ചെയ്ത് ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയതായും വിശ്വാസമുണ്ട്. ഇരുപത്തഞ്ചടി ഉയരമുള്ള ഒറ്റശിലാകൂടമാണ് ഭ്രാന്താചലം. മുകളിലേക്കെത്താൻ കരിങ്കല്ലിൽ പടികൾ കൊത്തിയിട്ടുണ്ട്. മലകയറ്റം സുഗമമാക്കാൻ ഷൊർണൂർ സബ് ഡിവിഷനു കീഴിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസും സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

