പട്ടാമ്പിചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക്
text_fieldsപട്ടാമ്പി: പൂർണമായും പട്ടാമ്പിക്കാരുടെ കൈയൊപ്പുള്ള ‘തടവ്’ എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങിലും അണിയറയിലും പട്ടാമ്പിയിലും പരിസരത്തുമുള്ള കലാപ്രതിഭകൾ മാത്രം പ്രവർത്തിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർമാണ പങ്കാളിത്തവും നിർവഹിച്ചിരിക്കുന്നത് കൊടലൂർ സ്വദേശിയായ സംസ്ഥാന ടെലിവിഷൻ സംവിധാന അവാർഡ് ജേതാവ് കൂടിയായ ഫാസിൽ റസാഖാണ്. എഫ് .ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖിനൊപ്പം പ്രമോദ് ദേവും ചേർന്നാണ് നിർമാണം. നാടക -ചലച്ചിത്ര നടിയും അധ്യാപികയുമായ ബീന ആർ. ചന്ദ്രൻ, സുബ്രഹ്മണ്യൻ, എം.എൻ. അനിത, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൃദുൽ എസ് (ഛായാഗ്രഹണം), വിനായക് സുതൻ (എഡിറ്റിങ്), ഹരികുമാർ മാധവൻ നായർ (ഓഡിയോഗ്രഫി), വൈശാഖ് സോമനാഥ് (സംഗീതം), റോബിൻ കുഞ്ഞിക്കുട്ടി (ഫൈനൽ മിക്സ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

