പട്ടാമ്പി തടയണ: പ്രാരംഭ പ്രവൃത്തി തുടങ്ങി
text_fieldsപട്ടാമ്പി നിർദിഷ്ട തടയണ പ്രദേശം മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിക്കുന്നു
പട്ടാമ്പി: കിഴായൂർ നമ്പ്രത്തെയും തൃത്താല മണ്ഡലത്തിലെ ഞങ്ങാട്ടിരിയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന പട്ടാമ്പി തടയണയുടെ പ്രാരംഭ പ്രവൃത്തി തുടങ്ങി. നബാർഡ് ഫണ്ടുപയോഗിച്ചാണ് നിർമാണം.
ടെൻഡർ നടപടികൾ പൂർത്തിയായതോടെയാണ് പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചത്. പുഴയിൽ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലും നിർമിക്കുന്ന തടയണയിൽ 28 ഷട്ടറുകൾ ഉണ്ടാകും. ഇതുവഴി തടയണയിൽ ജലനിരപ്പ് ക്രമീകരിക്കാനാകും.
പദ്ധതിക്ക് 35.5 കോടി രൂപയുടെ അനുമതി നബാർഡിൽനിന്ന് ലഭിച്ചു. കീഴായൂർ പാടശേഖരം, ആര്യമ്പാടം പാടശേഖരം, തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിലെയും തിരുമിറ്റക്കോടിലെയും 947 ഹെക്ടർ പാടശേഖരം എന്നിവിടങ്ങളിൽ ജലസേചന പദ്ധതി ഉറപ്പുവരുത്താനാകും. വെള്ളിയാങ്കല്ല് തടയണയുടെ പ്രയോജനം പട്ടാമ്പി പാലം വരെ മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പമ്പിങ് പ്രദേശങ്ങളിൽ വേനൽക്കാലത്ത് വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. തടയണ പ്രാവർത്തികമായാൽ പട്ടാമ്പിയിലെ ജലക്ഷാമത്തിനും കാർഷിക ജലസേചനത്തിനും ശാശ്വത പരിഹാരമാകുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി. വിജയകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. അജയകുമാർ, എൻ.പി. വിനയകുമാർ, ടി.വി. ഗിരീഷ് എന്നിവരുണ്ടായിരുന്നു.