പട്ടാമ്പിയിൽ 'ഇറക്കുമതി' സ്ഥാനാർഥി വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ്
text_fieldsപട്ടാമ്പി: നിയോജക മണ്ഡലത്തിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നും അത് ഉണ്ടായാൽ രാജിവെക്കുമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം.
നിയോജക മണ്ഡലം സ്ഥാനാർഥിയായി മലപ്പുറം ജില്ലയില്‍നിന്നോ മണ്ഡലത്തിന് പുറത്തുനിന്നോ ഉള്ളവരെ അനുവദിക്കില്ലെന്ന് പട്ടാമ്പി മണ്ഡലത്തിലെ രണ്ട് ജില്ല സെക്രട്ടറിമാരും രണ്ട് ബ്ലോക്ക് പ്രസിഡൻറുമാരും 10 മണ്ഡലം പ്രസിഡൻറുമാരും കെ.പി.സി.സി പ്രസിഡൻറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, പ്രവാസി കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമാരും ഇൗ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഇതിനെതിരെ ആരെയെങ്കിലും അടിച്ചേല്പിച്ചാല് തങ്ങളെല്ലാവരും കൂട്ടരാജി വെക്കുമെന്ന് ഹൈകമാൻഡിനേയും കെ.പി.സി.സിയെയും അറിയിച്ചു. ഡി.സി.സിയും കെ.പി.സി.സിയും നിർദേശിച്ച രണ്ടുപേരില്‍ മുന്‍ എം.എല്‍.എ സി.പി. മുഹമ്മദ്, ഇത്തവണ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതിെൻറ അടിസ്ഥാനത്തില്‍ പട്ടാമ്പിയില്‍ മുൻ നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങള്‍ക്ക് സ്ഥാനാർഥിത്വം നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ, പട്ടാമ്പി ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാരായ കെ.ആർ. നാരായണ സ്വാമി, സി. കൃഷ്ണണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 20 ഭാരവാഹികളാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചത്.