ചെസിൽ ഉയരങ്ങള്‍ കീഴടക്കാൻ അർജുൻ ദാസ്
text_fieldsഅര്‍ജുന്‍ദാസ്
പട്ടാമ്പി: കോളജ് പഠനത്തിനിടയില്‍ സ്വയം പരിശ്രമിച്ച് പട്ടാമ്പി സ്വദേശി അര്‍ജുന്‍ദാസ് ചെസിന്റെ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ്. നേരത്തേ അന്താരാഷ്ട്ര ചെസ് ഫിഡേ റേറ്റഡ് കളിക്കാരന് എന്ന യോഗ്യത നേടിയ ഈ എം.എ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം നാഷനൽ സീനിയർ ആർബിറ്റർ ടൈറ്റിലും കരസ്ഥമാക്കി.
ജനുവരിയില്‍ ഓള് ഇന്ത്യ ചെസ് ഫെഡറേഷന് നടത്തിയ നാഷനല്‍ ആര്‍ബിറ്റര്‍ പരീക്ഷയിലെ വിജയമാണ് അര്ജുന് പുതിയ വഴിത്തിരിവായത്. മൂന്നു വര്‍ഷം മുമ്പ് സ്റ്റേറ്റ് ആര്‍ബിറ്റര്‍ യോഗ്യതയും നേടിയിരുന്നു. ഇതു കൂടാതെ നെറ്റ്ബാൾ ഗെയിമിന്റെ സ്റ്റേറ്റ് റഫറി കൂടിയാണ്.
ഇപ്പോള്‍ ഓൺലൈനായും അല്ലാതെയും ചെസില്‍ പരിശീലനം നൽകുന്നുണ്ട്. ചെസിനോടൊപ്പം മാജിക്കിനെയും സ്നേഹിക്കുന്ന അർജുൻദാസ് വെന്ട്രിലോക്വിസത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നിരവധി വേദികളില്‍ മാജിക്കിനൊപ്പം വെന്‍ട്രിലോക്വിസവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2016 ൽ ഓൾ ഇന്ത്യ മാജിക് കോമ്പറ്റീഷനിൽ ജൂനിയർ വിഭാഗത്തിലും 2021ൽ നടന്ന ഓൾ കേരള മാജിക് കോമ്പറ്റീഷനിൽ സീനിയർ വിഭാഗത്തിലും വിജയിയായി. പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ ഒന്നാം വര്‍ഷ എം.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ അര്ജുന് ദാസ് ഒറ്റപ്പാലം തപാല്‍ ജീവനക്കാരനായ പട്ടാമ്പി ചേരിപ്പറമ്പില്‍ കൃഷ്ണദാസിന്റെയും ദീപയുടെയും മകനാണ്. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജില്‍ സൈക്കോളജി വിഭാഗത്തില്‍ അസി. പ്രഫസറായ അമൃത ദാസ് സഹോദരിയാണ്.