കാമറകൾ സജ്ജം; പട്ടാമ്പി ബസ്സ്റ്റാൻഡും നിരീക്ഷണത്തിൽ
text_fieldsപട്ടാമ്പിയിൽ നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി നിർവഹിക്കുന്നു
പട്ടാമ്പി: നഗരത്തിലെ സുരക്ഷ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി നഗരസഭ. ബസ്സ്റ്റാൻഡിൽ എട്ടിടങ്ങളിൽ നിരീക്ഷണ കാമറകൾ മിഴി തുറന്നു. നഗരസഭയിൽ സജ്ജീകരിച്ച ഡി.വി.ആറിൽ ബാക്ക് അപ് സംവിധാനത്തോടെ 24 മണിക്കൂറും ബസ്സ്റ്റാൻഡിലെ ദൃശ്യങ്ങൾ ഇനി മുതൽ ലഭ്യമാവും.
നഗര സുരക്ഷയുടെ ഭാഗമായി നേരത്തേ പട്ടാമ്പി നഗരം മുഴുവൻ നിരീക്ഷണ വലയത്തിൽ ലഭിക്കുന്ന തരത്തിൽ 16 കാമറകൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി റോട്ടറി ക്ലബിന്‍റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ മത്സ്യ മാർക്കറ്റിന് സമീപമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് മാർക്കറ്റ് ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽകൂടി ഉടൻതന്നെ സി.സി.ടി.വി സ്ഥാപിക്കും.
ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി സ്വിച്ച് ഓൺ നിർവഹിച്ചു. വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി. മരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. വിജയകുമാർ, നഗരസഭ സെക്രട്ടറി ഇ. നാസിം, സൂപ്രണ്ട് കെ.എം. ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.