പ്രതിസന്ധികൾ നീങ്ങി; പട്ടാമ്പി പൊതുശ്മശാനം യാഥാർഥ്യമാകുന്നു
text_fieldsപട്ടാമ്പി: ഏറെക്കാലത്ത ആവശ്യം കൂടി യാഥാർഥ്യമാവുമ്പോൾ പട്ടാമ്പിക്ക് സ്വന്തമാകുന്നത് പൊതുശ്മശാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്-വി ഫോർ മുന്നണി വാഗ്ദാനം കൂടിയാണ് നിറവേറുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി രൂപയിലാണ് പൊതുശ്മശാനം നിർമാണം പൂർത്തിയാവുന്നത്. ആദ്യഘട്ടത്തിൽ അനുവദിച്ച 55 ലക്ഷം രൂപ കൊണ്ട് ചുറ്റുമതിലടക്കം സൗകര്യങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമായി 50 ലക്ഷം രൂപ കൂടി എം.എൽ.എ അനുവദിച്ചെങ്കിലും ഒരു പദ്ധതിക്ക് രണ്ടു തവണ ഫണ്ട് വെക്കുന്നതിലെ സാങ്കേതിക തടസ്സം ശ്മശാനപൂർത്തീകരണത്തിന് വിഘാതമായി.
ശ്മശാനം അടുത്ത് തന്നെ തുറക്കാനുള്ള നഗരസഭയുടെ ശ്രമങ്ങൾ ഇതോടെ വിഫലമായി. എന്നാൽ തുക വിനിയോഗിക്കാനുള്ള ഭരണാനുമതി പുറപ്പെടുവിക്കാൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 20ന് എം.എൽ.എ ധനവകുപ്പിന് കത്ത് നൽകുകയും മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17 ന് പ്രത്യേകാനുമതി ഉത്തരവ് പുറപ്പെടുവിച്ചതോടെ 50 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്കുള്ള വഴി തുറന്നു. വാതക ശ്മശാനം, ജനറേറ്റർ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കാണ് രണ്ടാം ഘട്ടത്തിൽ അനുവദിച്ച ഫണ്ടുപയോഗിക്കുക. വി.കെ. ശ്രീകണ്ഠൻ എം.പി അനുവദിച്ച 50 ലക്ഷം രൂപ ശ്മശാനത്തിന് വിനിയോഗിക്കാൻ നഗരസഭ തയാറായില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് നഗരസഭയിൽ ഉപരോധസമരം നടത്തിയിരുന്നു.
എന്നാൽ അതിൽ ജില്ല ഭരണകൂടം നിർദേശിച്ച നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും എം.പി ഫണ്ട് വിനിയോഗിക്കുന്നതിൽ നഗരസഭക്ക് താൽപര്യക്കുറവില്ലെന്നും രണ്ടാമത്തെ ശ്മശാനം നിർമിക്കാൻ തുക വിനിയോഗിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞിരുന്നു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് രണ്ടാം ഘട്ടമായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രത്യേകാനുമതി ഉടൻ ലഭിക്കുമെന്നും ചെയർപേഴ്സൻ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 60 വർഷങ്ങൾക്കുമുമ്പ് കല്ലന്മാർത്തൊടി ജാനകി അമ്മ കിഴായൂർ നമ്പ്രത്ത് സംഭാവന ചെയ്ത സ്ഥലത്താണ് ശ്മശാനം ഒരുങ്ങുന്നത്. ഷൊർണൂർ, ചെറുതുരുത്തി, പാമ്പാടി പ്രദേശങ്ങളിലെ മൃതദേഹം സംസ്കരിക്കാൻ ആശ്രയിച്ചിരുന്ന പട്ടാമ്പിക്കാർക്ക് വലിയ ആശ്വാസമാണ് പുതിയ വാതകശ്മശാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

