വീടിന്റെ ചുമരിടിഞ്ഞ് വീണ് ഏഴ് ആടുകൾ ചത്തു
text_fieldsമുത്തുമണിയുടെ ആടുകൾ ചുമരിടിഞ്ഞുവീണ് ചത്ത നിലയിൽ
പത്തിരിപ്പാല: വീടിന്റെ ചുമരിടിഞ്ഞ് വീണ് മണ്ണിനടിയിൽപെട്ട ഏഴ് ആടുകൾ ചത്തു. മങ്കര കല്ലൂർ ചേലങ്കരയിൽ വയോധികയായ മുത്തു മണിയുടെ 12 ആടുകളിൽ ഏഴെണ്ണമാണ് ചത്തത്. വെള്ളിയാഴ്ച പുലർച്ച 2.30ഓടെയാണ് സംഭവം. പഴയ വീടിന് സമീപത്തായാണ് ആട്ടിൻകൂട് സ്ഥിതി ചെയ്യുന്നത്. തകർച്ചയിലായ വീടായതിനാൽ മുത്തുമണിയും സഹോദരിയും സമീപത്തെ ഷെഡിലാണ് താമസം. പഴയ വീടിന്റെ ചുമർ തകർന്ന് ആട്ടിൻ കൂടിന് മുകളിലേക്ക് വീഴുകയായിരുന്നു.
ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ബന്ധുക്കളെ വിളിച്ചു കൂട്ടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൂന്നെണ്ണം ഗർഭിണികളും നാല് ആടുകൾ പ്രസവം കഴിഞ്ഞതുമാണ്. ആട് വളർത്തിയും പാൽ വിറ്റുമാണ് വയോധികയായ മുത്തു മണിയുടെ ഉപജീവനമാർഗം. ഇതോടെ ഇവരുടെ ഉപജീവനമാർഗം നിലച്ചു. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് മങ്കരയിലെ വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദുരന്ത ദിവാരണവുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. സങ്കരയിനം ആടുകളായതിനാൽ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.