ആളുമാറി അക്കൗണ്ടിലെത്തിയത് 70,000 രൂപ; തിരികെ നൽകി വീട്ടമ്മ
text_fieldsവീട്ടമ്മ ശ്യാമയുടെ അക്കൗണ്ടിൽ മാറി കയറിയ തുക വി.ഇ.ഒയെ ഏൽപ്പിക്കുന്നു
പത്തിരിപ്പാല: അക്കൗണ്ട് മാറിയെത്തിയ പണം ബന്ധപ്പെട്ടവർക്ക് തിരിച്ച് നൽകി വീട്ടമ്മ. കല്ലൂർ കരടിമലക്കുന്നിൽ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തെൻറ അക്കൗണ്ടിൽ ആളുമാറി എത്തിയ പണം തിരിച്ചേൽപിച്ചത്. ശ്യാമയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിർമാണത്തിന് ധനസഹായം ലഭിച്ചിരുന്നു. ആദ്യത്തെ രണ്ട് തവണ പണം ലഭിക്കുകയും ചെയ്തു. ചുമർ പണി പൂർത്തികരിച്ചാൽ മൂന്നാം ഗഡു 48,000 രൂപ ലഭിക്കുമെന്ന് വി.ഇ.ഒ അറിയിച്ചിരുന്നു. അതിനിടയിലാണ് ശ്യാമയുടെ അക്കൗണ്ടിൽ 70,000 രൂപ കയറിയതായി സന്ദേശം ലഭിച്ചത്. തുടർന്ന് ശ്യാമ വി.ഇ.ഒയുമായി ബന്ധപ്പെട്ടു. പറളി പഞ്ചായത്തിലെ ഒരു ഗുണഭോക്താവിനുള്ള പണം ശ്യാമയുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയതായി കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10.30 ന് ശ്യാമ ബാങ്കിൽനിന്ന് പണം പിൻവലിച്ച് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസിന്റെ സാന്നിധ്യത്തിൽ വി.ഇ.ഒ ബിന്ദുവിന് കൈമാറി. പിന്നീട് പണം ബ്ലോക്കിലേൽപ്പിച്ചതായി വി.ഇ.ഒ പറഞ്ഞു. ശ്യാമയെ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അഭിനന്ദിച്ചു.