ഞാവളിൻകടവ് പദ്ധതിയിൽനിന്ന് അഞ്ചിനകം ജലവിതരണം തുടങ്ങും
text_fieldsപത്തിരിപ്പാല: ഞാവളിൻകടവ് കുടിവെള്ള പദ്ധതിയിൽനിന്ന് മാർച്ച് അഞ്ചിനകം മണ്ണൂർ പഞ്ചായത്തിലേക്ക് ജലവിതരണം നടത്താൻ തിരുമാനം. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ മണ്ണൂരിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിലാണ് തീരുമാനം. മണ്ണൂരിലെ ജലക്ഷാമത്തെക്കുറിച്ച് ആസൂത്രണ ഉപാധ്യക്ഷൻ കൂടിയായ ടി.ആർ. ശശി ചൂണ്ടിക്കാട്ടിയതോടെ മാർച്ച് അഞ്ചിനകം ജലവിതരണം ആരംഭിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയാവുകയായിരുന്നു.
മൂന്ന് ദിവസത്തിനകം നഗരിപ്പുറത്ത് ബൾക്ക് മീറ്റർ സ്ഥാപിച്ച് പഴയ പൈപ്പിലൂടെ ജലവിതരണം നടത്താനാണ് പരിപാടിയെന്നും എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. പാലക്കാട് വാട്ടർ അതോറിറ്റി പ്രോജക്ട് അസി. എൻജിനീയർ സി.സി. ജയേഷ്, പഞ്ചായത്ത് സെക്രട്ടറി ജി.എസ്. ബിജി, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് അംഗങ്ങളായ എം. ഉണ്ണികൃഷ്ണൻ, എ.കെ. ജയശ്രീ, ടി.ആർ. ശശി, പി.സി. സുമ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. മണ്ണൂർ, മങ്കര, കേരളശ്ശേരി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ പുതിയ പൈപ്പ് ലൈൻ പൂർത്തീകരിക്കുന്ന മുറക്ക് ഉദ്ഘാടനം നടത്തുമെന്നും എം.എൽ.എ പറഞ്ഞു.